ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടി നല്‍കി ഗൗതം ഗംഭീര്‍. അടുത്തിടെ പുറത്തിറക്കിയ ആത്മകഥയില്‍ ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഫ്രീദി നടത്തിയത്. അഫ്രീദിയെ മാനസിക രോഗ വിദഗ്ധനെ കാണിക്കാമെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഗംഭീര്‍ നല്‍കിയ മറുപടി. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അഫ്രീദിക്ക് ഗംഭീര്‍ ചുട്ട മറുപടി നല്‍കിയത്.
ഗംഭീറിന് വ്യക്തിത്വമില്ലെന്നും നെഗറ്റീവ് മനോഭാവമുള്ള ആളാണെന്നുമായിരുന്നു ആത്മകഥയായ ഗെയിം ചെയ്ഞ്ചറില്‍ അഫ്രീദി നടത്തിയ വിമര്‍ശനം. ക്രിക്കറ്റില്‍ പ്രൊഫഷണല്‍ ശത്രുത ഉണ്ടാകാറുണ്ട്. ചിലത് പക്ഷെ വ്യക്തിപരമാകും. ഗംഭീറുമായുണ്ടായിരുന്നത് വ്യക്തിപരമായ ശത്രുതയായിരുന്നെന്നും അഫ്രീദി പറയുന്നു. നിങ്ങളൊരു രസികനാണെന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. മെഡിക്കല്‍ ടൂറിസത്തിന്‍റെ ഭാഗമായി ഞങ്ങള്‍ ഇപ്പോഴും വിസ അനുവദിക്കാറുണ്ട്. താങ്കളെ ഞാന്‍ മനോരോഗ വിദഗ്ധന്‍റെ അടുത്തെത്തിക്കാം, ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
ക്രിക്കറ്റ് കളത്തിനകത്തും പുറത്തും ഗംഭീറും അഫ്രീദിയും തമ്മിലുള്ള വൈരത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വിരമിച്ച ശേഷവും ഇരു താരങ്ങളും തമ്മിലുള്ള ശത്രുതക്ക് കുറവൊന്നുമില്ലെന്നതിന് തെളിവാണ് പുതിയ സംഭവങ്ങള്‍. ഗംഭീറിന് അഫ്രീദി എന്ത് മറുപടി നല്‍കുമെന്നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.