ലാഹോർ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. വ്യക്തിഗത നേട്ടങ്ങള്‍ക്കായാണ് തന്‍റെ കാലത്തെ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നതെന്ന് ഇന്‍സമാം ആരോപിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ താരങ്ങൾ ടീമിന് വേണ്ടിയാണ് അന്ന് കളിച്ചുകൊണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്‍ പാക് താരവും കമന്‍റേറ്ററുമായ റമീസ് രാജയുടെ യു ട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇന്‍സമാം ഉള്‍ ഹഖ്. ഞങ്ങൾ ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോൾ ഇന്ത്യയുടെ ബാറ്റിങ് നിരയാണ് കടലാസില്‍ കൂടുതല്‍ കരുത്തരെന്നതില്‍ സംശയമില്ല. എന്നാല്‍ പാക് താരങ്ങള്‍ 30- 40 റണ്‍സെടുക്കും. ടീമിന് വേണ്ടിയാണ് അത്. എന്നാല്‍ ഒരു ഇന്ത്യന്‍ താരം സെഞ്ചുറി നേടിയാല്‍ അത് അയാള്‍ക്ക് വേണ്ടി മാത്രമാണ്. അതാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
1992 ലോകകപ്പിനെ കുറിച്ചും അദ്ദേഹം വാചാലനായി. ''മോശം ഫോമിലൂടെ കടന്നുപോയിട്ടും ആ ലോകകപ്പിലെ നായകനും ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചു. യുവതാരങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമായിരുന്നു അദ്ദേഹത്തെ മികച്ച നായകനാക്കി മാറ്റിയതെന്നും ഇന്‍സമാം ഉള്‍ ഹഖ് കൂട്ടിച്ചേർത്തു.
1991-2007 കാലഘട്ടത്തിലാണ് ഇന്‍സമാം ഉള്‍ ഹഖ് പാകിസ്ഥാന് വേണ്ടി കളിക്കുന്നത്. കരിയറില്‍ അദ്ദേഹം 120 ടെസ്റ്റുകളും 378 ഏകദിനങ്ങളും ഒരു ടി20യും കളിച്ചു. അദ്ദേഹത്തിന്‍റെ കാലത്ത് പാക് ടീം ഇന്നത്തെ അപേക്ഷിച്ച് മികച്ച നിലവാരം പുലർത്തിയിരുന്നു.