ദുബൈ: 2019ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അവാര്‍ഡില്‍ തിളങ്ങി ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ എലിസെ പെറി. ഈ വര്‍ഷത്തെ ഐസിസി വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് എലിസെ പെറിക്കാണ്. ടി 20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന ആദ്യ താരമാണ് പെറി. ഇത് അത്ഭുതകരമായ ബഹുമതിയാണ്. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഈ വര്‍ഷം മുഴുവന്‍ എത്രമാത്രം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കാന്‍ കഴിഞ്ഞത്. വ്യക്തിപരമായും മികച്ച വര്‍ഷമാണ് കടന്നു പോയതെന്നും പെറി പറയുന്നു.
സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇപ്പോള്‍ തന്നെ ഇത്രയും വലിയൊരു ബഹുമതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലും സന്തോഷം മാത്രം.
ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി 20 മത്സരത്തിലാണ് പെറി ചരിത്ര നേട്ടം കൊയ്തത്. നവംബറില്‍ നടന്ന ടി 20 ലോകകപ്പിന്‍റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയാണ് പെറിയുടെ 100 വിക്കറ്റ് നേട്ടം. നിലവില്‍ ടി 20യില്‍ 1498 റണ്‍സും 98 വിക്കറ്റും വീഴ്ത്തിയ ഷാഹിദ് അഫ്രീദിയാണ് ഈ നേട്ടത്തിന് തൊട്ടടുത്തുള്ള മറ്റൊരു താരം. ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസനും ഈ നേട്ടത്തിന് തൊട്ടടുത്തുണ്ട്.
പെറിയുടെ സഹതാരം അലിസ്സ ഹീലിയെ ടി 20 ക്രിക്കറ്റ് ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. ശ്രീലങ്കയ്‌ക്കെതിരെ 61 പന്തിൽ നിന്ന് 148 റൺസ് നേടി പുറത്താകാതെ ടി 20 ക്രിക്കറ്റിൽ ഒരു വനിതാ താരം നേടിയ ഏറ്റവും ഉയർന്ന സ്കോർ എന്ന ലോക റെക്കോർഡിനുടമയായതാണ് അലിസ്സ ഹീലിയെ പുരസ്കാരത്തിനര്‍ഹയാക്കിയത്.