ഹൈദരാബാദ്: പന്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാന്‍ നിലവില്‍ പിന്തുടരുന്ന രീതികൾ വിലക്കണമെന്ന് അഭിപ്രായപെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ സെലക്‌ടർ എംഎസ്‌കെ പ്രസാദ്. ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റിലെ നിലവിലെ നിയമങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തതത്തിലാണ് രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി ക്രിക്കറ്റില്‍ പന്തിന്‍റെ തിളക്കം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്താന്‍ നീക്കം നടക്കുന്നത്. പന്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാന്‍ പകരം സംവിധാനത്തെ കുറിച്ച് ഐസിസി ആലോചിക്കണമെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു.
പുറമെ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ച് പന്തിന്‍റെ തിളക്കം കൂട്ടുന്നത് നിലവില്‍ നിയമവിരുദ്ധമാണ്. അതിനാല്‍ തന്നെ കളിക്കാർ വിയർപ്പും ഉമിനീരും മിഠായി പോലുള്ള മധുരമുള്ള വസ്തുക്കളും പന്തിന്‍റെ തിളക്കം കൂട്ടാനായി ഉപയോഗിക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തരം തന്ത്രങ്ങൾ വിലക്കേണ്ടതായിട്ടുണ്ട്. പകരം സംവിധാനം ഐസിസി കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഎസ്‌കെ പ്രസാദ് പറഞ്ഞു.
നേരത്തെ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ ശ്രേയസ് അയ്യരും ഓസ്‌ട്രേലിയന്‍ പേസർ പാറ്റ് കമ്മിന്‍സണും ഈ വിഷയത്തില്‍ ആശങ്കകൾ പങ്കുവെച്ച് രംഗത്ത് വന്നിരുന്നു. പന്തിന്‍റെ തിളക്കം ഒരു ഭാഗത്ത് വർദ്ധിപ്പിച്ചാലെ ബൗളേഴ്‌സിന് പന്ത് സ്വിങ്ങ് ചെയ്യിക്കാന്‍ സാധിക്കൂ. ഫാസ്റ്റ് ബൗളേഴ്‌സിന് വിക്കറ്റെടുക്കാനും ബാറ്റ്സ്‌മാന്‍മാരെ സമ്മർദത്തിലാക്കാനും പന്ത് സ്വിങ്ങ് ചെയ്യിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം ഉമിനീർ ഉൾപ്പെടെ ഇതിനായി ഉപയോഗിക്കുമ്പോൾ കൊവിഡ് 19 പടരാന്‍ സാധ്യത ഏറെയാണ്.