കാഠ്‌മണ്ഡു: കൊവിഡ് 19 ഭീതിയെ തുടർന്ന് നേപ്പാളില്‍ ഈ മാസം ആരംഭിക്കാനിരുന്ന ആഭ്യന്തര ടി20 ലീഗായ എവറസ്റ്റ് പ്രീമിയർ ലീഗ് മാറ്റിവെച്ചു. നേപ്പാൾ സർക്കാരിന്‍റെ നിർദ്ദേശം സ്വീകരിച്ചാണ് ലീഗ് അധികൃതരുടെ നടപടി. ആയിരങ്ങൾ ഒത്തുകൂടുന്ന കായിക മത്സരങ്ങൾക്കിടെ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. അനുകൂലമായ ഏറ്റവും അടുത്ത സമയം തന്നെ എവറസ്റ്റ് പ്രീമിയർ ലീഗ് വീണ്ടും നടത്തും. ഷെയർ ഹോൾഡേഴ്‌സിന്‍റയും ആരാധകരുടെയും ആശങ്ക കണക്കിലെടുത്താണ് മത്സരം മാറ്റിവെച്ച കാര്യം മുന്‍കൂട്ടി അറിയിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നേരത്തെ മാർച്ച് 14-ാം തീയ്യതി മുതല്‍ മത്സരം ആരംഭക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. വെസ്റ്റ് ഇന്‍ഡീസ് സൂപ്പർ താരം ക്രിസ് ഗെയില്‍ ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ലീഗിന് ലോകശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്‌തു. പൊഖ്‌റ റൈനോസിന് വേണ്ടി കളിക്കുമെന്നാണ് ക്രിസ് ഗെയില്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയത്. അതേസമയം ഇന്ത്യയില്‍ ഈ മാസം 29-ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയർ ലീഗ് മത്സരം മാറ്റിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതർ പറഞ്ഞു. ബിസിസിഐയും ഐപിഎല്‍ ഫ്രാഞ്ചൈസികളുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.