ഹൈദരാബാദ്: ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ്ങ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്‍റെ പേര് നിർദ്ദേശിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനാകാന്‍ അദ്ദേഹത്തെ ക്ഷണിച്ചെന്നും എന്നാല്‍ അനുകൂലമായ പ്രതികരണം അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ബംഗ്ലാദേശ് ബോർഡ് പ്രസിഡന്‍റ് നിസാമുദ്ദീന്‍ ചൗധരി പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായിരുന്നു സഞ്ജയ് ബംഗാർ. ലോകകപ്പിന് ശേഷം രവിശാസ്ത്രിയെ പരിശീലക സ്ഥാനത്തേക്ക് തെരഞ്ഞെടുത്തെങ്കിലും സഹ പരിശീലകനായ ബംഗാറിനെ ബിസിസിഐ പരിഗണിച്ചിരുന്നില്ല.
ഏകിദന ടി-20 ഫോർമാറ്റുകളില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ്ങ് പരിശീലകന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റർ നീല്‍ മക്കന്‍സിയാണ്. ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ബംഗാർ 2001-ല്‍ ഇംഗ്ലണ്ടിന് എതിരെ മൊഹാലിയിലാണ് ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. പുറത്താകാതെ 100 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയർന്ന സ്‌കോർ. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 470 റണ്‍സും ഏകദിനങ്ങളില്‍ നിന്നും 180 റണ്‍സും ബംഗാർ സ്വന്തമാക്കി. ഇരു ഫോർമാറ്റിലുമായി 14 വിക്കറ്റും സ്വന്തം അക്കൗണ്ടില്‍ ചേർത്തു. 2004-ല്‍ അഡ്‌ലെയ്‌ഡില്‍ സിബാബ്‌വെക്ക് എതിരെയാണ് അവസാന അന്താരാഷ്‌ട്ര മത്സരം കളിച്ചത്. 2014-19 കാലഘട്ടത്തില്‍ ബംഗാർ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സഹ പരിശീലകരില്‍ ഒരാളായിരുന്നു. അതേ സമയം മറ്റ് പേരുകളും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.