മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതോടെ ഐസിസി ലോകകപ്പ് സൂപ്പര്‍ ലീഗില്‍ 20 പോയിന്‍റ് സ്വന്തമാക്കി ഓസ്‌ട്രേലിയ. 2023 ലോകകപ്പിന് മുന്നോടിയായാണ് ലോകകപ്പ് സൂപ്പര്‍ ലീഗിന് ഐസിസി തുടക്കമിട്ടത്. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് സൂപ്പര്‍ ലീഗില്‍ ഇതോടെ മികച്ച തുടക്കം നേടാനായി.
പോയിന്‍റ് പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനക്കാരും ആതിഥേയരായ ഇന്ത്യയും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ആറ് മത്സരങ്ങളില്‍ നിന്നും 30 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് പട്ടികയില്‍ ഒന്നാമത്. 20 പോയിന്‍റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്.
കൂടുതല്‍ വായനക്ക്: സെഞ്ച്വറിയുമായി മാക്‌സ്‌വെല്ലും കാരിയും, മൂന്നാം ഏകദിനവും പരമ്പരയും ജയിച്ച് ഓസീസ്
ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ നടന്ന മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ 2-1ന്‍റെ ജയമാണ് ഓസിസ് സ്വന്തമാക്കിയത്. ഏകദിന ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് ആതിഥേയരായ ഇംഗ്ലണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെയും അലക്‌സ് കാരിയുടെയും സെഞ്ച്വറികളുടെ മികവിലാണ് ഓസ്‌ട്രേലിയ ഓള്‍ഡ് ട്രാഫോഡില്‍ പരമ്പര സ്വന്തമാക്കിയത്. 303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങ് ആരംഭിച്ച ഓസിസിനെ മാക്‌സ്‌വെല്ലും കാരിയും ചേര്‍ന്നാണ് വിജയത്തോട് അടുത്തെത്തിച്ചത്.