കാബൂൾ: ഒരു മാസം നീളുന്ന പരിശീലന പരിപാടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. കാബൂളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 22 അംഗ സംഘമാണ് പങ്കെടുക്കുക. പരിശീലനം പുന:രാരംഭിക്കുന്നത് സംബന്ധിച്ച് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് ജൂണ്‍ രണ്ടിന് നായകന്‍ അസ്‌ഗർ അഫ്‌ഗാനുമായും പരിശീലകന്‍ ലാന്‍സ് ക്ലൂസ്‌നറുമായും ചർച്ച നടത്തിയിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെയും അഫ്‌ഗാനിസ്ഥാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെയും നിർദ്ദേശപ്രകാരമാകും പരിശീലനം നടത്തുക. നേരത്തെ പരിശീലനം പുന:രാരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ച് എസിബി ട്വീറ്റ് ചെയ്‌തിരുന്നു.
നവംബറില്‍ ഓസ്‌ട്രേലിയക്ക് എതിരെയയാകും നിലവിലെ ഷെഡ്യൂൾ പ്രകാരം അഫ്‌ഗാന്‍ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ മത്സരം. ഓസിസ് പര്യടനത്തിന്‍റെ ഭാഗമായി പെർത്തില്‍ ടെസ്റ്റ് മത്സരമാകും അഫ്‌ഗാനിസ്ഥാന്‍ കളിക്കുക. നിലവില്‍ ഇംഗ്ലണ്ടിലും ശ്രീലങ്കയിലും ഉൾപ്പെടെ ക്രിക്കറ്റ് ടീമുകൾ പരിശീലന പരിപാടികൾ പുന:രാരംഭിച്ചിട്ടുണ്ട്.