സിഡ്‌നി: ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 5,000 റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന റെക്കോഡ് സ്വന്തമാക്കി നായകന്‍ ആരോൺ ഫിഞ്ച്. സിഡ്നിയില്‍ ടീം ഇന്ത്യക്ക് എതിരെ നടന്ന ഏകദിനത്തിലാണ് ഫിഞ്ച് ഈ നേട്ടം കൈവരിച്ചത്. തന്‍റെ 126ാമത്തെ ഏകദിനത്തിലാണ് വലംകൈയ്യൻ ബാറ്റ്സ്മാൻ ഫിഞ്ച് ഈ നേട്ടം കൊയ്‌തത്. ടീം ഇന്ത്യക്ക് എതിരായ മത്സരത്തില്‍ ഫിഞ്ച് 124 പന്തില്‍ സെഞ്ച്വറിയോടെ 114 റണ്‍സ് സ്വന്തമാക്കിയിരുന്നു.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓപ്പണിങ് പങ്കാളി ഡേവിഡ് വാർണർ നേരത്തെ 115 ഇന്നിങ്സില്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍ ഹാഷിം അംലയാണ് ഈ നേട്ടം അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവും വേഗത്തില്‍ സ്വന്തമാക്കിയത്. 101 ഏകദിനങ്ങളില്‍ നിന്ന് ആംല 5000 റണ്‍സ് കണ്ടെത്തിയിരുന്നു. 2023 ഏകദിനത്തിനുള്ള ഐസിസി സൂപ്പര്‍ ലീഗിന്‍റെ ഭാഗമായി ടീം ഇന്ത്യ മത്സരിക്കുന്ന ആദ്യ ഏകദിന പരമ്പരയാണിത്.
ലീഗിലെ പോയിന്‍റിന്‍റെ അടിസ്ഥാനത്തിലാണ് ലോകകപ്പിന് യോഗ്യത നേടുന്നവരെ കണ്ടെത്തുക. ഓരോ മത്സരങ്ങളിലും ജയിക്കുന്ന ടീമിന് 10 പോയിന്‍റ് വീതം ലഭിക്കും. ഇംഗ്ലണ്ടിന് എതിരായ പരമ്പര 2-1ന് ജയിച്ച ഓസ്‌ട്രേലിയക്ക് നിലവില്‍ 30 പോയിന്‍റുണ്ട്. സിഡ്‌നിയില്‍ ഇന്ത്യക്ക് എതിരെ ജയിച്ചതോടെ ലഭിച്ച 10 പോയിന്‍റ് ഉള്‍പ്പെടെയാണിത്.