മെല്‍ബണ്‍ : ന്യൂസിലാൻഡ് മുൻ ഓൾറൗണ്ടർ ക്രിസ് കെയ്‌ൻസിന്‍റെ ദുരിത ജീവിതത്തിന് അറുതിയില്ല. ഹൃദയ ശസ്‌ത്രക്രിയ്ക്കിടെ ഹൃദയധമനികൾ പൊട്ടി ഗുരുതരാവസ്ഥയിലായിരുന്നു താരം. പിന്നാലെ സ്ട്രോക്ക് വന്ന് ഇരു കാലുകളും തളർന്നു. ഇപ്പോൾ താൻ അർബുദ ബാധിതനാണെന്ന് അറിയിച്ചിരിക്കുകയാണ് കെയ്‌ൻസ്.
വൻ കുടലിലാണ് കെയ്‌ൻസിന് കാൻസർ ബാധിച്ചിരിക്കുന്നത്. താരം തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് രോഗകാര്യം പങ്കുവച്ചത്. സ്ട്രോക്ക് വന്ന് ഗുരുതരാവസ്ഥയിലായതിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അർബുദം സ്ഥിരീകരിച്ചത്.
ഓഗസ്റ്റിലാണ് ഹൃദയധമനികൾ പൊട്ടി രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ക്രിസ് കെയ്ൻസിനെ കാൻബറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ ചികിത്സയുടെ ഭാഗമായി ജീവൻരക്ഷാ ശസ്ത്രക്രിയയ്‌ക്കിടെയാണ് കെയ്ൻസിന്‍റെ ഇരു കാലുകളും തളർന്നത്. നട്ടെല്ലില്‍ അനുഭവപ്പെട്ട സ്ട്രോക്കിനെത്തുടര്‍ന്ന് താരത്തിന്‍റെ കാലുകൾ തളർന്നുപോകുകയായിരുന്നു.
READ MORE: ക്രിസ് കെയ്ൻസിന്‍റെ ദുരിതം അവസാനിക്കുന്നില്ല; ശസ്ത്രക്രിയയ്‌ക്കു പിന്നാലെ ഇരു കാലുകളും തളർന്നു
1989ല്‍ കിവീസിനായി അരങ്ങേറ്റം കുറിച്ച താരം 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 33 റണ്‍സ് ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും കെയ്ന്‍സിന്‍റെ പേരിലുണ്ട്. 2006ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.