മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും നായകനായ രോഹിത് ശര്‍മ പുറത്തായതോടെ ഉപനായകന്‍ കെഎല്‍ രാഹുല്‍ ചുമതലയേറ്റെടുക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുലിന്‍റെ പദവിയിലേക്ക് ജസ്‌പ്രീത് ബുംറയുടെ തിരഞ്ഞെടുപ്പ് അപ്രതീക്ഷിതമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഐപിഎൽ കഴിവ് തെളിയിച്ച ശ്രേയസ് അയ്യരേയും റിഷഭ് പന്തിനേയും മറികടന്നാണ് ബുംറയുടെ നേട്ടമെന്നതാണ് ഇതിന് കാരണം.
എന്നാല്‍ ബുംറയുടെ ഉപനായക സ്ഥാനത്തിലൂടെ യുവതാരങ്ങള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ ശ്രമിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
2016ലെ അന്താരാഷ്ട്ര അരങ്ങേറ്റം മുതല്‍ക്ക് തന്നെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ സ്ഥിരത പുലര്‍ത്തുന്ന താരമെന്ന നിലയിലാണ് ഏകദിന ടീമിന്‍റെ ഉപനായക സ്ഥാനത്തേക്ക് ബുംറ എത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്.
പ്രോട്ടീസിനെതിരായ പരമ്പരയ്‌ക്ക് ശേഷം നാട്ടില്‍ നടക്കാനിരിക്കുന്ന ശ്രീലങ്ക, വെസ്‌റ്റ്‌ഇന്‍ഡീസ് ടീമുകളുമായുള്ള മത്സരങ്ങളിലേക്ക് രോഹിത് തിരിച്ചെത്തുമ്പോള്‍ കെഎല്‍ രാഹുല്‍ ഉപനായ സ്ഥാനത്തേക്ക് തന്നെ വരുമെന്നും ഇവര്‍ വ്യക്തമാക്കി.
അര്‍ഹിക്കുന്ന അംഗീകാരം
മൂന്ന് ഫോര്‍മാറ്റിലും സ്ഥിരത പൂലര്‍ത്തുന്ന ബുംറയ്‌ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണിതെന്നാണ് സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് അഭിപ്രായപ്പെട്ടത്. ഒരു ഫാസ്റ്റ് ബൗളറെ നായകന്‍ ആക്കിക്കൂടായ്‌കയില്ലെന്നും തീരുമാനം ഇഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അതേസമയം ഐപിഎല്ലില്‍ മിന്നിയ ക്യാപ്റ്റന്മാരായ ശ്രേയസ് അയ്യറിനും റിഷഭ് പന്തിനും ഇടയില്‍ ഇടച്ചില്‍ ഒഴിവാക്കാനുള്ള തന്ത്രമാണിതെന്ന മറുവാദവും ശക്തമാണ്. ഓസീസ് ടീമിന്‍റെ നായക സ്ഥാനത്തേക്ക് പേസര്‍ പാറ്റ് കമ്മിന്‍സെത്തിയത് ബുംറയുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായും വിലയിരുത്തപ്പെടുന്നുണ്ട്.