ഹരാരെ: വാതുവെയ്‌പ്പുകാർ സമീപിച്ചത് അറിയിക്കാൻ വൈകിയതിനാൽ തന്നെ ക്രിക്കറ്റിൽ നിന്ന് വിലക്കാൻ ഐസിസി ഒരുങ്ങുന്നതായി സിംബാബ്‌വേ താരം ബ്രണ്ടൻ ടെയ്‌ലർ. ഒരു ഇന്ത്യൻ വ്യവസായി ഒത്തുകളിക്കായി തന്നെ സമീപിച്ചെന്നും താൻ അതിന് സമ്മതം മൂളിയിരുന്നു എന്നും സമൂഹ മാധ്യമത്തിലൂടെയാണ് താരം കുറ്റസമ്മതം നടത്തിയത്.
2019ൽ സിംബാബ്‌വെയിൽ ഒരു ടി20 ലീഗ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാനും, ഒരു പരസ്യക്കരാറിൽ ഒപ്പിടുന്നതിനുമായാണ് ഇന്ത്യൻ വ്യവസായി എന്നെ സമീപിച്ചത്. അയാൾ എനിക്ക് യാത്രചിലവിനായി 15,000 ഡോളർ തന്നു.
പിന്നാലെ നടന്ന പാർട്ടിക്കിടെ അയാൾ തന്ന കൊക്കെയ്‌നും ഞാൻ രുചിച്ചുനോക്കി. പിറ്റേ ദിവസം അതിന്‍റെ വീഡിയോ ഉപയോഗിച്ച് അയാൾ എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നു. ടെയ്‌ലർ പറഞ്ഞു.
ആ സമയത്ത് സിംബാവെ ക്രിക്കറ്റ് ബോർഡ് കളിക്കാർക്ക് ആറ് മാസത്തെ പ്രതിഫലം നൽകിയിരുന്നില്ല. അതിനാൽ തന്നെ എത്രയും പെട്ടന്ന് നാട്ടിലെത്താൻ അവർ തന്ന തുക ഞാൻ വാങ്ങുകയായിരുന്നു. തന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ മുൻനിർത്തിയാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നത്. ടെയ്‌ലർ പറഞ്ഞു.
ALSO READ: ഐസിസിയുടെ മികച്ച വനിത താരമായി സ്മൃതി മന്ദാന
അതിന് നാല് മാസങ്ങൾക്ക് ശേഷമാണ് ബിസിസിഐയെ ഈ വിവരങ്ങൾ അറിയിക്കുന്നത്. അതിനാലാണ് താൻ ഇപ്പോൾ വിലക്ക് നേരിടാനൊരുങ്ങുന്നത്. അതേസമയം പണം വാങ്ങിയെങ്കിലും താൻ യാതൊരു തരത്തിലും ഒത്തുകളി നടത്തിയിട്ടില്ലെന്നും ടെയ്‌ലർ കൂട്ടിച്ചേർത്തു.
സിംബാബ്‌വെയ്‌ക്ക് വേണ്ടി 205 ഏകദിനങ്ങളും, 34 ടെസ്റ്റുകളും 45 ടി20കളും ടെയ്‌ലർ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ തന്‍റെ 17 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ടെയ്‌ലർ വിരമിച്ചിരുന്നു.