ന്യൂഡല്‍ഹി: ഇന്ത്യൻ കളിക്കാരെ വിദേശ ടി20 ക്രിക്കറ്റ് ലീഗുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന ഒരു നയവും ബിസിസിഐക്കില്ലെന്ന് വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. ഐപിഎല്‍ ടീം ചെന്നെ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ദക്ഷിണാഫ്രിക്ക ടി20 ലീഗില്‍ തന്‍റെ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള ജൊഹാനാസ്ബർഗ് സൂപ്പർ കിങ്‌സിന്‍റെ മെന്‍ററാകുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് രാജീവ് ശുക്ലയുടെ പ്രതികരണം.
"ഞങ്ങളുടെ കളിക്കാരെ വിദേശത്തുള്ള ഒരു ലീഗിലും കളിക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തിൽ ബോര്‍ഡിന് കൃത്യമായ നയമുണ്ട്. നമ്മുടെ ഇന്ത്യൻ പ്രീമിയർ ലീഗ് തന്നെ ഒരു വലിയ ലീഗാണ്, ഞങ്ങളുടെ കളിക്കാരെ ഏതെങ്കിലും തരത്തിൽ ഒരു വിദേശ ലീഗുമായി ബന്ധിപ്പിക്കാൻ അനുവദിക്കില്ല." രാജീവ് ശുക്ല പറഞ്ഞു.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലിൽ കരാറിലുള്ളതിനാലാണ് ധോണിക്ക് വിദേശ ടി20 ലീഗിന്‍റെ ഭാഗമാകാന്‍ കഴിയിയാത്തതെന്ന് നേരത്തെ ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാതെ ആഭ്യന്തര താരങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും മറ്റ് ലീഗുകളുടെ ഭാഗമാകാന്‍ കഴിയില്ല. ധോണി വിദേശ ലീഗിന്‍റെ ഭാഗമായാല്‍ ചെന്നൈക്കായി ഐപിഎല്‍ കളിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു.
അതേസമയം വിദേശ ടി20 ലീഗുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കാത്തത് ക്രിക്കറ്റ് ലോകത്ത് ഏറെ നാളായി വലിയ ചര്‍ച്ചാവിഷയമാണ്. 2019-ൽ, ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്‍റെ (ടികെആർ) ഡ്രസ്സിങ് റൂമിൽ നിന്ന് കരീബിയൻ പ്രീമിയർ ലീഗ് മത്സരം കണ്ടതിനെ തുടര്‍ന്ന് ദിനേഷ് കാർത്തിക്കിന് നിരുപാധികം മാപ്പ് പറയേണ്ടി വന്നത് വാര്‍ത്തയായിരുന്നു.
അടുത്തിടെ ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക ടി20 ലീഗില്‍ മുഴുവന്‍ ഫ്രാഞ്ചൈസികളും, യുഎഇ ടി20 ലീഗില്‍ ആറില്‍ അഞ്ച് ഫ്രാഞ്ചൈസികളും സ്വന്തമാക്കിയത് ഇന്ത്യന്‍ ഉടമകളാണ്.