മുംബൈ : ഫെബ്രുവരി 25 ന് ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം പിങ്ക് ടെസ്റ്റ് ആയിരിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. പരമ്പരയിലെ വേദികളെ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമാകും പകൽ - രാത്രി മത്സരത്തിന് വേദിയാവുകയെന്നും ഗാംഗുലി വ്യക്‌തമാക്കി.
ഇന്ത്യ വേദിയാകുന്ന മൂന്നാമത്തെ പിങ്ക് ബോൾ മത്സരമാണിത്. 2019ൽ കൊൽക്കത്തയിൽ നടന്ന ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്നിങ്സിനും 46 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അഹമ്മദാബാദിൽവച്ച് നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്‍റെ വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ALSO READ: IND VS WI | ഇന്ത്യൻ ടീമിലെ കൊവിഡ് ബാധ ; മായങ്ക് അഗർവാള്‍ ഏകദിന ടീമിൽ
അതേസമയം ഐപിഎല്ലിനെക്കുറിച്ചും ഗാംഗുലി നിർണായക സൂചന നൽകി. ടൂർണമെന്‍റ് ഇന്ത്യയിൽ തന്നെ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത് എന്ന് ഗാംഗുലി വ്യക്‌തമാക്കി. കൊവിഡ് സാഹചര്യം പ്രതികൂലമായില്ലെങ്കിൽ മുംബൈ, പൂനെ എന്നിവിടങ്ങളിൽ വച്ച് മത്സരം നടത്താനാണ് തീരുമാനം. നോക്കൗട്ട് മത്സരങ്ങളുടെ വേദി ഇനിയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.