ന്യൂഡല്‍ഹി: 2023ല്‍ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിന് ടീമിനെ അയയ്‌ക്കാന്‍ ബിസിസിഐക്ക് താല്‍പര്യമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബർ 18ലെ വാർഷിക പൊതുയോഗത്തിന് മുമ്പായി സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐ വിതരണം ചെയ്‌ത കത്തില്‍ 2023ല്‍ ഇന്ത്യ ഭാഗമാവുന്ന ടൂര്‍ണമെന്‍റുകളും സൂചിപ്പിച്ചിട്ടുണ്ട്.
ഈ പട്ടികയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്‍റേതാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. 2006ലാണ് ഇന്ത്യന്‍ ടീം അവസാനമായി പാകിസ്ഥാനില്‍ പര്യടനം നടത്തിയത്.
2012ല്‍ പാകിസ്ഥാൻ ഇന്ത്യയിൽ പര്യടനം നടത്തിയതിന് ശേഷം ഇരുടീമുകളും ഉഭയകക്ഷി പരമ്പരകൾ കളിച്ചിട്ടില്ല. നിലവില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് ടീമുകള്‍ പരസ്‌പരം മത്സരിക്കുന്നത്. ഇന്ത്യയില്‍ ഒക്‌ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ഏഷ്യ കപ്പ് നടക്കുക. ഏകദിന ഫോര്‍മാറ്റിലാണ് 2023ലെ ഏഷ്യ കപ്പ്.