ന്യൂഡല്‍ഹി : ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ബിസിസിഐ പുതിയ അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഈ പദവിയിലുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്‍റെ കരാര്‍ കാലാവധി അവസാനിച്ചതോടെയാണ് ബിസിസിഐയുടെ നടപടി. ആഗസ്റ്റ് 15 വരെയാണ് അപേക്ഷാ കാലാവധി.
അതേസമയം രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ താരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ജൂലൈയിലാണ് താരം പദവിയേറ്റെടുത്തത്. എന്നാല്‍ രവി ശാസ്ത്രിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീം പരിശീലകനാക്കിയേക്കാമെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുന്നത്.
"രാഹുൽ ദ്രാവിഡിന് ഈ സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കാം, പക്ഷേ 2020 നവംബറിൽ ടി20 ലോക കപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്നതോടെ, രാഹുലിനെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഉയർത്താനുള്ള എല്ലാ സാധ്യതയുമുണ്ട് " ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
also read:മെസി പോയതല്ല, 'ഫിനാൻഷ്യൽ ഫെയർ പ്ലേ' യില്‍ പുറത്തായതാണ്!!!
നേരത്തെ ശ്രീലങ്കന്‍ പര്യടനത്തിനുപോയ ഇന്ത്യയുടെ യുവ സംഘത്തിന്‍റെ മുഖ്യ പരിശീലകനായിരുന്നു ദ്രാവിഡ്. സീനിയര്‍ ടീമിന്‍റെ പരിശീലകനാവുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് അതേക്കുറിച്ച് താന്‍ ഇതേവരെ ചിന്തിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം.
ടി20 ലോക കപ്പിന് പിന്നാലെ കാലാവധി അവസാനിക്കുന്ന രവിശാസ്ത്രിക്ക് സ്ഥാനം നില നിര്‍ത്താന്‍ പ്രായം തടസമാണ്. ബിസിസിഐയുടെ നിയമം അനുസരിച്ച് സീനിയര്‍ ടീമിന്‍റെ പരിശീലകന്‍റെ പ്രായം 60 വയസില്‍ കവിയാന്‍ പാടില്ല. ശാസ്ത്രിക്ക് 59 വയസുണ്ട്.