ന്യൂഡല്‍ഹി : വെറ്ററന്‍ ക്രിക്കറ്റര്‍ വൃദ്ധിമാൻ സാഹയുടെ ആരോപണത്തില്‍ അന്വേഷണം നടത്തിയ സമിതിയുടെ റിപ്പോർട്ട് ബിസിസിഐ അപെക്‌സ് കൗൺസിൽ ഏപ്രിൽ 23ന് അവലോകനം ചെയ്യും. മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണമാണ് ബിസിസിഐയുടെ മൂന്നംഗ കമ്മിറ്റി അന്വേഷിച്ചത്. വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല, ട്രഷറർ അരുൺ ധുമാല്‍, അപെക്‌സ് കൗൺസിൽ അംഗം പ്രഭ്‌തേജ് ഭാട്ടിയ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.
അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസം സാഹയില്‍ നിന്നും കുറ്റാരോപിതനായ മജുംദാറില്‍ നിന്നും കമ്മിറ്റി മൊഴിയെടുത്തിരുന്നു. ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ അഭിമുഖത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകൻ ഭീഷണിപ്പെടുത്തിയെന്നാണ് സാഹ ആരോപിച്ചത്.
അനുകൂലമായി പ്രതികരിക്കാതിരുന്ന ഈ അപമാനം താന്‍ മറക്കില്ലെന്ന തരത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍റെ ഭീഷണി. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം സാഹ ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. മാധ്യമപ്രവര്‍ത്തകന്‍റെ പേര് പുറത്തുപറയാതിരുന്ന താരം ബിസിസിഐയോട് മാത്രമാണ് ഇത് വെളിപ്പെടുത്തിയത്.
also read: അശ്വിന്‍ സാഹചര്യം നന്നായി കൈകാര്യം ചെയ്‌തു ; പുകഴ്‌ത്തി സംഗക്കാര
എന്നാൽ, തനിക്കെതിരായാണ് സാഹയുടെ ആരോപണമെന്ന് സമ്മതിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ രംഗത്തെത്തുകയായിരുന്നു. സാഹ തന്‍റെ ചാറ്റുകള്‍ വളച്ചൊടിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌ത സ്ക്രീൻഷോട്ടുകൾ വ്യാജമായി ഉണ്ടാക്കുകയായിരുന്നുവെന്നും ബോറിയ പറഞ്ഞിരുന്നു.