മിര്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്ററെന്ന നേട്ടം സ്വന്തമാക്കി ചേതേശ്വര്‍ പുജാര. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലാണ് പുജാര നിര്‍ണായ നാഴിക കല്ല് പിന്നിട്ടത്. മത്സരത്തിനിറങ്ങുമ്പോള്‍ ഈ നേട്ടത്തിലേക്ക് 16 റൺസ് മാത്രം അകലെയായിരുന്നു പുജാര.
അധികം വിയര്‍ക്കാതെ ലക്ഷ്യത്തിലെത്തിയെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താനാവാതെ താരം പുറത്തായി. 55 പന്തില്‍ 24 റണ്‍സെടുത്ത പുജാരയെ തയ്‌ജുല്‍ ഇസ്‌ലാമിന്‍റെ പന്തില്‍ മൊമീനുല്‍ ഹഖ് പിടികൂടുകയായിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്‌കർ, വിവിഎസ് ലക്ഷ്മൺ, വിരേന്ദർ സെവാഗ്, വിരാട് കോലി, സൗരവ് ഗാംഗുലി എന്നിവരാണ് പുജാരയ്‌ക്ക് മുൻപ് ടെസ്റ്റില്‍ 7000 റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍.
മോശം ഫോമിനെ തുടര്‍ന്ന് ഈ വർഷമാദ്യം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട പുജാര കൗണ്ടിയുള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് അടിച്ച് കൂട്ടിയാണ് തിരികെയെത്തിയത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ 34കാരനായ താരം നിര്‍ണായകമായിരുന്നു.
ചിറ്റഗോങ്ങില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ പുജാര രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി പുറത്താവാതെ നിന്നിരുന്നു. 2019 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയതിന് ശേഷമുള്ള പുജാരയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയായിരുന്നുവിത്.
Also read: BAN VS IND: 'ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്'; കുല്‍ദീപിനെ ഒഴിവാക്കിയതില്‍ ഉമേഷ് യാദവ്