ടൗണ്‍സ്‌വില്ലെ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സിംബാബ്‌വെയ്‌ക്ക് അട്ടിമറി വിജയം. പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന്‍റെ വിജയമാണ് സിംബാബ്‌വെ നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അതിഥേയരായ ഓസീസിനെ സിംബാബ്‌വെ 31 ഓവറില്‍ 141 റണ്‍സിന് പുറത്താക്കി. മറുപടിക്കിറങ്ങിയ സന്ദര്‍ശകര്‍ 39 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സെടുത്താണ് ജയം പിടിച്ചത്.
ഓസ്‌ട്രേലിയ്‌ക്കെതിരെ അവരുടെ മണ്ണില്‍ സിംബാബ്‌വെയുടെ ആദ്യ ജയമാണിത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെയ്‌ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ തകുസ്‌വനാഷെ കെറ്റാനോ - തദിവനാഷെ മറുമാനി സംഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. 19 റണ്‍സെടുത്ത കെറ്റാനോയുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്‌ടമായത്.
തുടര്‍ന്ന് എത്തിയ വെസ്ലി മധവേരെ (2), സീന്‍ വില്യംസ് (0), സിക്കന്ദര്‍ റാസ (8) എന്നിവര്‍ വേഗം മടങ്ങി. ഇതിനിടെ മറുമാനിയും (35) തിരിച്ച് കയറിതോടെ സിംബാബ്‌വെ അഞ്ചിന് 77 റണ്‍സ് എന്ന നിലയിലായി. എന്നാല്‍ ക്യാപ്‌റ്റന്‍ റെജിസ് ചകബ്‌വ നിലയുറപ്പിച്ചതോടെ സിംബാബ്‌വെ ജയം പിടിച്ചു. 72 പന്തില്‍ 37 റണ്‍സെടുത്ത ചകബ്‌വയോടൊപ്പം ബ്രാഡ് ഇവാന്‍സും (1) പുറത്താവാതെ നിന്നു. ടോണി മുന്യോഗ (17), ബേള്‍ (11) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഓസീസിനായി ജോഷ് ഹേസല്‍വുഡ് 10 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍കസ് സ്‌റ്റോയിനസ്, കാമറോണ്‍ ഗ്രീന്‍, അഷ്‌ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ അഞ്ച് വിക്കറ്റ് നേടിയ റായാന്‍ ബേളാണ് ഓസീസിനെ എറിഞ്ഞിട്ടത്. വെറും മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയാണ് ബേള്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ ഒന്നൊന്നായി നിലംപൊത്തുമ്പോള്‍ പൊരുതി നിന്ന ഡേവിഡ് വാര്‍ണറാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. 96 പന്തില്‍ 94 റണ്‍സാണ് താരം നേടിയത്.
വാര്‍ണറിന് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് (19) മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ആരോണ്‍ ഫിഞ്ച് (5), സ്റ്റീവ് സ്‌മിത്ത് (1), അലക്‌സ് ക്യാരി (4), മാര്‍കസ് സ്‌റ്റോയിനസ് (3), കാമറോണ്‍ ഗ്രീന്‍ (3), അഷ്‌ടണ്‍ അഗര്‍ (0), മിച്ചല്‍ സ്റ്റാര്‍ക്ക് (2), ജോഷ് ഹേസല്‍വുഡ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ആദം സാംപ (1) പുറത്താവാതെ നിന്നു.
ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഓസീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. സിംബാബ്‌വെയ്‌ക്കായി ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റിച്ചാർഡ് നഗാരവ, വിക്‌ടർ ന്യൗച്ചി, സീന്‍ വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 27-ാം ഓവറിന്‍റ നാലാം പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കിയാണ് ബേള്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. തുടര്‍ന്ന് ആഷ്‌ടണ്‍, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരേയും താരം പുറത്താക്കി.
also read: ASIA CUP| ഹോങ്കോങ്ങ് 38 ന് പുറത്ത്, കൂറ്റന്‍ ജയം നേടി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍