കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (എസിസി) 2023-24 വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടര്‍ പ്രഖ്യാപനത്തിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി വിമര്‍ശിച്ചത് ചര്‍ച്ചയായിരുന്നു. എസിസി പ്രസിഡന്‍റ് ജയ് ഷായാണ് ക്രിക്കറ്റ് കലണ്ടര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 'ഏകപക്ഷീയമായി' ആണ് ജയ് ഷാ കലണ്ടര്‍ അവതരിപ്പിച്ചതെന്നായിരുന്നു സേത്തിയുടെ വിമർശനം.
ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എസിസി. സ്ഥാപിതമായ നടപടിക്രമങ്ങൾ പാലിച്ചാണ് കലണ്ടര്‍ പ്രഖ്യാപിച്ചതെന്ന് എസിസി പ്രസ്‌താവനയില്‍ വ്യക്തമാക്കി. 2022 ഡിസംബർ 13-ന് നടന്ന യോഗത്തിൽ ഡവലപ്‌മെന്‍റ് കമ്മിറ്റിയും ഫിനാൻസ് ആൻഡ് മാർക്കറ്റിങ് കമ്മിറ്റിയും കലണ്ടറിന് അംഗീകാരം നൽകിയിട്ടുണ്ട്.
കൂടാതെ ഡിസംബർ 22-ന് ഇമെയിൽ വഴി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഉൾപ്പെടെ എല്ലാ അംഗങ്ങളെയും കലണ്ടർ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തിഗതമായി അറിയിച്ചിരുന്നു. ചില ബോർഡുകളിൽ നിന്ന് പ്രതികരണങ്ങൾ ലഭിച്ചെങ്കിലും, പിസിബിയിൽ നിന്ന് അഭിപ്രായങ്ങളോ നിർദേശങ്ങളോ ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലുടെയുള്ള സേത്തിയുടെ അഭിപ്രായങ്ങൾ അടിസ്ഥാനരഹിതമാണെന്നും എസിസി തള്ളിക്കളയുന്നുവെന്നും സംഘടന വ്യക്തമാക്കി.
Also read: സൂര്യയെ ഡിവില്ലിയേഴ്‌സുമയി താരതമ്യം ചെയ്യാനാവില്ല: ഇര്‍ഫാന്‍ പഠാന്‍