മുംബൈ: ഏഷ്യ കപ്പ് (Asia cup 2023 ) പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റിന് തലവേദനയാവുമെന്ന് റിപ്പോര്‍ട്ട്. കെഎൽ രാഹുലിന്‍റേയും ശ്രേയസ് അയ്യരുടേയും പങ്കാളിത്തം ഉള്‍പ്പെടെ പരിഹരിക്കപ്പെടാത്ത നിരവധി ചോദ്യങ്ങളാണ് നിലവില്‍ ടീം നേരിടുന്നത്. ശ്രേയസ് അയ്യരുടെ മടങ്ങിവരവ് ആശങ്കയായിരിക്കെ കെഎല്‍ രാഹുല്‍ (KL Rahul ) ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബാറ്റിങ്, കീപ്പിങ് പരിശീലനത്തില്‍ ഏര്‍പ്പെട്ടതിന്‍റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
ആരാധകര്‍ക്കായി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇത് പങ്കുവച്ചത്. എന്നാല്‍ ഏകദിനത്തില്‍ കളിക്കാന്‍ കഴിയുന്ന തരത്തില്‍ തന്‍റെ കായിക ക്ഷമത പൂർണമായി വീണ്ടെടുക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ടോയെന്ന കാര്യം സംശയത്തിലാണ്. ടി20യിലും ടെസ്റ്റിലും മോശം പ്രകടനങ്ങൾ നടത്തിയെങ്കിലും ഏകദിന ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് കീപ്പർ - ബാറ്ററായി 33കരാനായ രാഹുല്‍ തുടരുകയാണ്.
ഫോര്‍മാറ്റില്‍ അഞ്ചാം നമ്പറില്‍ താരം നിരവധി തവണ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഏഷ്യ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പും നടക്കുന്നതിനാല്‍ താരത്തിന്‍റെ കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ ബിസിസിഐ തയ്യാറാവുമോയെന്ന് കണ്ടറിയണം.
കോലിക്ക് സ്ഥാന നഷ്‌ടം?: നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍. എന്നാല്‍ രാഹുലിന്‍റെ പങ്കാളിത്തം ചോദ്യ ചിഹ്നമായതിനൊപ്പം ഇഷാന്‍ കിഷന്‍റെ ഫോമും ഇതില്‍ മാറ്റം വരുത്താന്‍ സെലക്‌ടര്‍മാരെ ചിന്തിപ്പിച്ചേക്കും. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ (Ishan kishan) എത്തുകയാണെങ്കില്‍ ഇന്ത്യയ്‌ക്ക് ഓപ്പണിങ്ങില്‍ ഇടത് - വലത് കോമ്പിനേഷന്‍ ലഭിക്കും.
ഇതോടെ ശുഭ്‌മാന്‍ ഗില്ലിനെ മൂന്നാം നമ്പറിലേക്ക് ഇറക്കാനാവും മാനേജ്‌മെന്‍റ് ശ്രമം നടത്തുക. ആഭ്യന്തര ക്രിക്കറ്റിലും തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ തുടക്ക കാലത്തും മൂന്നും അതില്‍ താഴെയുമുള്ള നമ്പറുകളിലായിരുന്നു ഗില്‍ ബാറ്റ് ചെയ്‌തിരുന്നത്. പദ്ധതികള്‍ ഇത്തരത്തിലാണെങ്കില്‍ ഏറെക്കാലമായി കളിക്കുന്ന മൂന്നാം നമ്പറില്‍ നിന്നും വിരാട് കോലിക്ക് (Virat Kohli ) നാലാം നമ്പറിലേക്ക് ഇറങ്ങേണ്ടി വരും.
എന്നാല്‍, മൂന്നാം നമ്പറില്‍ ലോക ക്രിക്കറ്റില്‍ തന്നെ കോലിയെ വെല്ലുന്ന മറ്റൊരു ബാറ്ററില്ലെന്നതാണ് വാസ്‌തവം. ഏകദിന വിരാട് കോലി അടിച്ച് കൂട്ടിയ 12898 റണ്‍സില്‍ 10777 റണ്‍സും ഇതേ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌ത് നേടിയതാണ്. ഫോര്‍മാറ്റില്‍ നേടിയ 46 സെഞ്ചുറികളില്‍ 39 എണ്ണവും പിറന്നത് ഇതേ നമ്പറിലാണ്. സമീപകാലത്തായി ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ നാലാം നമ്പറില്‍ വേരുറപ്പിച്ചത്.
താരത്തിന്‍റെ ഫിറ്റ്‌നസ് ആശങ്കയായിരിക്കെ കോലിയെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കുകയും ഗില്ലിന്‍റെ നമ്പറില്‍ മാറ്റം വരുത്താനും മാനേജ്‌മെന്‍റ് ശ്രമിക്കുമോയെന്നും കാത്തിരിന്ന് കാണേണ്ടിവരും. മറുവശത്ത് ഏഷ്യ കപ്പ് നഷ്‌ടമാവുകയാണെങ്കില്‍ ലോകകപ്പിന് മുമ്പ് തന്‍റെ ഫിറ്റ്നസും ഫോമും തെളിയിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഹോം മത്സരങ്ങൾ മാത്രമേ ശ്രേയസിന് ലഭിക്കൂ.