ധാക്ക: ഓഗസ്റ്റ് തുടക്കത്തിലാണ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അൽ ഹസനെ ടി20 ക്യാപ്‌റ്റനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. ഏഷ്യ കപ്പിനും ടി20 ലോകകപ്പിനുമായാണ് ഷാക്കിബിന്‍റെ നിയമനം. എന്നാല്‍ ഏഷ്യ കപ്പില്‍ കിരീടം പ്രതീക്ഷിക്കുന്ന ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഷാക്കിബ് അൽ ഹസന്‍.
ഏഷ്യ കപ്പില്‍ ബംഗ്ലാദേശ് കിരീടം നേടുമെന്ന് കരുതുന്നവര്‍ ജീവിക്കുന്നത് 'വിഡ്ഢികളുടെ രാജ്യത്താ'ണെന്ന് ഷാക്കിബ് പറഞ്ഞു. ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ബംഗ്ലാദേശ് ഏറെ പിറകിലാണെന്നും തനിക്കോ, മറ്റൊരാള്‍ക്കോ ടീമിന്‍റെ പ്രകടനത്തില്‍ ഉടനടി മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്നും ഷാക്കിബ് വ്യക്തമാക്കി.
"ലോകകപ്പല്ലാതെ തനിക്ക് മറ്റ് ലക്ഷ്യങ്ങളില്ല. അതിനുള്ള തയ്യാറെടുപ്പുകളിലാണ്. എനിക്കോ, അല്ലെങ്കില്‍ മറ്റൊരാള്‍ക്കോ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കാര്യങ്ങൾ മാറ്റാൻ കഴിയുമെന്ന് ആരെങ്കിലും വിചാരിച്ചാൽ, അവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ രാജ്യത്താണ്", ഷാക്കിബ് പറഞ്ഞു.
ടീമിന്‍റെ വികസനത്തിന്‍റെ യഥാർഥ സൂചകം ടി20 ലോകകപ്പിൽ കാണുമെന്നും ഷാക്കിബ് കൂട്ടിച്ചേര്‍ത്തു. "നിങ്ങൾക്ക് പ്രായോഗികമായി ചിന്തിക്കാൻ കഴിയുമെങ്കിൽ, മൂന്ന് മാസത്തിനുള്ളിൽ ലോകകപ്പിൽ ടീം ശരിക്കും മികച്ച പ്രകടനം നടത്തുമ്പോൾ ഞങ്ങളുടെ യഥാർഥ വികസനം കാണാനാകും. 2006ലാണ് ഞങ്ങൾ ആദ്യമായി ടി20 ക്രിക്കറ്റ് കളിച്ചത്.
അതിനുശേഷം, ഒരിക്കല്‍ ഏഷ്യ കപ്പ് ഫൈനലിലെത്തിയത് ഒഴികെ ഞങ്ങൾക്ക് നല്ല ഫലങ്ങൾ ഉണ്ടായിട്ടില്ല. ആ ഘട്ടത്തിൽ നിന്ന് ഫോര്‍മാറ്റില്‍ ഞങ്ങള്‍ വളരെ പിന്നിലാണ്, അതിനാൽ ഒരു പുതിയ തുടക്കം കുറിക്കാതെ മറ്റ് മാർഗമില്ല.
ഒരു കുഞ്ഞ് നടക്കാൻ തുടങ്ങുമ്പോൾ ആദ്യത്തെ ചുവടുകൾ പ്രയാസമേറിയതാണ്. പക്ഷേ ക്രമേണ കാര്യങ്ങൾ എളുപ്പമായി തീരുന്നു, ഞങ്ങൾക്കും ഒരു കുഞ്ഞിനെപ്പോലെ പടിപടിയായി നടക്കാൻ തുടങ്ങാനും തുടർന്ന് മുന്നോട്ട് പോകാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു", ഷാക്കിബ് പറഞ്ഞു. അതേസമയം ഓഗസ്റ്റ് 27ന് യുഎഇയിലാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്.