കൊളംബോ: നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ശ്രീലങ്കയില്‍ നിന്നും യുഎഇയിലേക്ക് മാറ്റിയേക്കും. ടൂര്‍ണമെന്‍റ് ശ്രീലങ്കയിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസ്‌എൽസി) സെക്രട്ടറി മോഹൻ ഡി സിൽവ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ ആഴ്‌ചകളായി സർക്കാരിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
"ഏഷ്യ കപ്പ് യുഎഇയിൽ നടക്കാൻ സാധ്യതയുണ്ട്", ടി20 ടൂർണമെന്‍റിന്‍റെ വേദിയിൽ സാധ്യമായ മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ ഡി സിൽവ പിടിഐയോട് പറഞ്ഞു. മുന്‍ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 27 മുതൽ സെപ്‌റ്റംബർ 11 വരെ ടൂര്‍ണമെന്‍റ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് ഇക്കുറി ഏഷ്യ കപ്പ് നടക്കുക.
ടെസ്റ്റ് പദവിയുള്ള ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യത മത്സരം കളിച്ച് എത്തുന്ന മറ്റൊരു ഏഷ്യന്‍ ടീമുമാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക. ഹോങ്കോങ്, സിംഗപ്പൂർ, കുവൈറ്റ്, യുഎഇ എന്നീ ടീമുകളാണ് യോഗ്യത മത്സരത്തില്‍ കളിക്കുക.
ഓഗസ്റ്റ് 20 മുതലാണ് യോഗ്യത മത്സരങ്ങള്‍. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ മാറിമാറി നടക്കുന്ന ഏഷ്യ കപ്പ് അവസാനമായി 2018ലാണ് നടന്നത്. അന്ന് ഏകദിന ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യയാണ് ജേതാക്കളായത്.
also read: 'തിളങ്ങുകയും ഉയരുകയും ചെയ്യുക'; ബാബറിന് നന്ദി പറഞ്ഞ് കോലി