ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിനെ ചോദ്യം ചെയ്‌ത് മുന്‍ താരം റോബിന്‍ ഉത്തപ്പ. മികവ് പുലര്‍ത്തുന്ന റോളുകളിലാണ് കളിക്കാരെ ടീമില്‍ കൊണ്ടുവരേണ്ടതെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞു. ദീപക് ഹൂഡയെ കളിപ്പിച്ച ഉദാഹരണമടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.
ഹൂഡ ഒരു ഫിനിഷറല്ലെന്നും എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറക്കി ടീം മാനേജ്‌മെന്‍റ് താരത്തിന് സമ്മര്‍ദം നല്‍കുകയാണെന്നും ഉത്തപ്പ പറഞ്ഞു. "ഓരോ പൊസിഷനിലും മികവ് പുലര്‍ത്തുന്ന താരങ്ങളെയാണ് കളിപ്പിക്കേണ്ടത്.
എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അനുയോജ്യമായ സ്ഥാനത്തായിരുന്നില്ല പലരേയും കളിപ്പിച്ചത്. ദീപക് ഹൂഡ ഒരു ഫിനിഷറല്ല. അവൻ ലഖ്‌നൗ സൂപ്പർജയന്‍റ്‌സിന് വേണ്ടി ഫിനിഷ് ചെയ്‌തിട്ടില്ല. മുമ്പ് ഇന്ത്യയ്‌ക്ക് വേണ്ടി ഫിനിഷ് ചെയ്‌തിട്ടില്ല.
എന്നാല്‍ ഏഷ്യ കപ്പില്‍ ആറാം നമ്പറില്‍ അല്ലെങ്കില്‍ ഏഴാം നമ്പറിലാണ് ഹൂഡയെ ഇറക്കിയത്. ഇതുവഴി നിങ്ങൾ യഥാർഥത്തിൽ ഒരു കളിക്കാരനുമേൽ സമ്മർദം ചെലുത്തുകയാണ്. ചില പൊസിഷനുകളില്‍ മികവ് പുലര്‍ത്തുന്ന ഉയർന്ന നിലവാരമുള്ള കളിക്കാരനാണ് അവന്‍. അവന് തിളങ്ങാന്‍ സാധിക്കുന്ന പൊസിഷനില്‍ അവനെ കളിപ്പിക്കൂ". ഉത്തപ്പ പറഞ്ഞു.
നേരത്തെ റിഷഭ് പന്തിന്‍റെ പൊസിഷനെക്കുറിച്ചും ഉത്തപ്പ സംസാരിച്ചിരുന്നു. നാലാം നമ്പറിലാണ് പന്ത് കളിക്കേണ്ടതെന്നും നിലവിലെ ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറില്‍ പന്തിന് അവസരമില്ലെന്നുമാണ് ഉത്തപ്പ പറഞ്ഞിരുന്നത്. ഇക്കാരണത്താല്‍ ഫിനിഷര്‍ എന്ന നിലയില്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെയാണ് താന്‍ ടീമില്‍ എടുക്കുകയെന്നും ഉത്തപ്പ പറഞ്ഞിരുന്നു.
എന്നാല്‍ സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളിലും കാര്‍ത്തിക്കിന് അവസരം നല്‍കിയിരുന്നില്ല. സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് അഞ്ച് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ലങ്കയോട് ആറ് വിക്കറ്റിനാണ് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ തുലാസിലാണ്.