ദുബായ് : ഏഷ്യകപ്പ് ക്രിക്കറ്റ് പോരാട്ടം ജയത്തോടെ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. സൂപ്പര്‍ ഫോറില്‍ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇരു ടീമുകളും ഇതിനോടകം തന്നെ പുറത്തായിട്ടുണ്ട്.
ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളും സൂപ്പര്‍ ഫോറിലേക്ക് പ്രവേശിച്ചത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പുറത്തെടുത്ത പ്രകടനം ഇരു ടീമുകള്‍ക്കും സൂപ്പര്‍ ഫോറില്‍ ആവര്‍ത്തിക്കാനായില്ല. ആദ്യ മത്സരം പാകിസ്ഥാനോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോടും അടിയറവ് പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ അവസാന ഓവറിലെ തോല്‍വിയോടെ ഇന്ത്യയുടെ ഹാട്രിക്ക് കിരീട പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. ഇരു മത്സരങ്ങളിലും അവസാന ഓവറുകളില്‍ ബോളര്‍മാര്‍ അധികം റണ്‍സ് വഴങ്ങിയതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. അതേ സമയം ആദ്യ മത്സരം ശ്രീലങ്കയോട് തോറ്റ അഫ്‌ഗാനിസ്ഥാന്‍ പാകിസ്ഥാനെതിരെ പോരാട്ടവീര്യം കാഴ്‌ചവച്ചശേഷമാണ് തോല്‍വി ഏറ്റുവാങ്ങിയത്.
അഫ്‌ഗാനിസ്ഥാനെതിരെ അവസാന മത്സരത്തിനിറങ്ങുമ്പോഴും വിരാട് കോലിയിലാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ. ടൂര്‍ണമെന്‍റില്‍ നാല് മത്സരങ്ങളില്‍ നിന്ന് 154 റണ്‍സാണ് വിരാട് കോലി നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഹോങ്കോങ്ങിനെതിരെയും, സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെയും വിരാട് അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
ഇതുവരെ കളിച്ച നാല് മല്‍സരങ്ങളിലും വ്യത്യസ്‌ത പ്ലെയിങ് ഇലവനുകളെയാണ് ഇന്ത്യ പരീക്ഷിച്ചത്. അവസാന മത്സരത്തിലും അതേ രീതി പിന്തുടര്‍ന്നായിരിക്കും ഇന്ത്യ ഇറങ്ങുക. സൂപ്പര്‍ ഫോറില്‍ ലഭിച്ച രണ്ട് അവസരങ്ങളിലും നിരാശപ്പെടുത്തിയ റിഷഭ് പന്തിന് പകരക്കാരനായി ദിനേശ് കാര്‍ത്തിക് ഇന്ന് ടീമിലെത്താനാണ് സാധ്യത.
പന്തിനെ ഒഴിവാക്കിയാല്‍ ബാറ്റിങ് ലൈനപ്പില്‍ ഇടംകയ്യന്‍ ബാറ്റര്‍ ഇല്ലാത്തത് ടീമിന് തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജയ്‌ക്ക് പകരക്കാരനായെത്തിയ അക്‌സര്‍ പട്ടേല്‍ ടീമിലേക്ക് എത്താനാണ് സാധ്യത. അക്സര്‍ പട്ടേല്‍ ടീമിലേക്കെത്തിയാല്‍ ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടിവരും.
ടൂര്‍ണമെന്‍റിലുടനീളം ഇന്ത്യയ്‌ക്ക് തലവേദന സൃഷ്‌ടിച്ചത് ബോളിങ് നിരയാണ്. അസുഖബാധിതനായ ആവേശ് ഖാന് പകരക്കാരനായി ദീപക് ചാഹറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഒരു മത്സരത്തില്‍ ചാഹര്‍ പ്ലേയിങ് ഇലവനില്‍ എത്താനും സാധ്യതയുണ്ട്.