മുംബൈ: കാല്‍മുട്ടിനേറ്റ പരിക്ക് മാറിയെങ്കിലും പുതിയ പരിക്കിന്‍റെ പിടിയിലാണ് ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുല്‍ (KL Rahul). ഏഷ്യ കപ്പ് (Asia Cup 2023) സ്‌ക്വാഡ് പ്രഖ്യാപന വേളയില്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കറായിരുന്നു ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് കെഎല്‍ രാഹുല്‍ ഉണ്ടാവില്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നുള്ള മത്സരങ്ങളില്‍ 31-കാരന്‍ ഇറങ്ങിയാലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ കളിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇപ്പോഴിതാ വിക്കറ്റ് കീപ്പറാവാന്‍ കഴിയുന്നില്ലെങ്കില്‍ രാഹുലിനെ പ്ലേയിങ് ഇലവനില്‍ എടുക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് ബാംഗര്‍ (Sanjay Bangar).
രാഹുല്‍ വിക്കറ്റ് കീപ്പറായി കളിക്കുകയാണെങ്കില്‍ മാത്രമേ ടീമിന്‍റെ ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയൂവെന്നാണ് സഞ്ജയ് ബാംഗര്‍ പറയുന്നത്. "ടീമിന്‍റെ ബാലന്‍സ് നിലനിര്‍ത്തുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളവര്‍ ബോള്‍ ചെയ്യുന്നവരല്ല.
ഇതോടെ ആറാമതൊരു ബോളിങ് ഓപ്‌ഷന്‍ വേണമെങ്കില്‍ ബാറ്റര്‍മാരിലെ ആദ്യ അഞ്ചില്‍ ഒരാള്‍ ബോള്‍ ചെയ്യാന്‍ കഴിയുന്ന ആളോ വിക്കറ്റ് കീപ്പര്‍ ബാറ്ററോ ആവേണ്ടതുണ്ട്. കെഎല്‍ രാഹുല്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് കളിക്കുകയെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ ആണെങ്കില്‍ മാത്രമേ അവനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കാവൂ. അപ്പോള്‍ മാത്രമേ ടീം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയൂ"- സഞ്ജയ് ബാംഗര്‍ പറഞ്ഞു.
രാഹുലില്ലെങ്കില്‍ ഇഷാന്‍: രാഹുല്‍ ഫിറ്റല്ലെങ്കില്‍ ഇഷാൻ കിഷനെ തല്‍സ്ഥാനത്ത് കളിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും സഞ്ജയ് ബാംഗര്‍ കൂട്ടിച്ചേര്‍ത്തു (Sanjay Bangar on Ishan Kishan). "രാഹുൽ ഫിറ്റല്ലെങ്കില്‍ ഇഷാൻ കിഷനെ തല്‍സ്ഥാനത്ത് കളിപ്പിക്കുന്നതില്‍ തെറ്റില്ല. കാരണം അവൻ ഒരു ഭേദപ്പെട്ട വിക്കറ്റ് കീപ്പറാണ്.
50 ഓവർ ഫോർമാറ്റില്‍ തീര്‍ച്ചയായും പാതി ഫിറ്റ്‌നസുള്ളതും അല്ലെങ്കില്‍ വീണ്ടും പരിക്കേൽക്കാന്‍ സാധ്യതയുള്ളതുമായ ഒരു കളിക്കാരനെ പ്ലേയിങ് ഇലവനില്‍ പരിഗണിക്കാതെ, പൂര്‍ണ ഫിറ്റ്‌നസ് ഉള്ള ഒരു താരത്തെ കളിപ്പിക്കാനാവും ഇന്ത്യ ആഗ്രഹിക്കുക" - സഞ്ജയ് ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഓഗസ്റ്റ് 30 മുതല്‍ സെപ്‌റ്റംബര്‍ 17 വരെ ഹൈബ്രീഡ് മോഡലിലാണ് ഏഷ്യ കപ്പ് നടക്കുന്നത്. കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഫൈനലിലെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ ഏകദിന ലോകകപ്പ് കൂടി അടുത്ത് നില്‍ക്കെ ടൂര്‍ണമെന്‍റിലെ ടീമിന്‍റെ പ്രകടനം ഏറെ വിലയിരുത്തപ്പെടും.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).