കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ ( India vs Pakistan) മത്സരം മഴയെത്തുടര്‍ന്ന് റദ്ദാക്കിയത് ആരാധകര്‍ക്ക് കനത്ത നിരാശ നല്‍കിയിരുന്നു. ടൂര്‍ണമന്‍റിന്‍റെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്താനിരിക്കെ മഴ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. സെപ്‌റ്റംബര്‍ 10 ഞായറാഴ്‌ച കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോര് നിശ്ചയിച്ചിരിക്കുന്നത്.
മത്സരത്തില്‍ മഴ കളിക്കുമോയെന്ന ആരാധകരുടെ ആശങ്കയ്‌ക്ക് വലിയ ആശ്വാസം നല്‍കിയിരിക്കുകയാണിപ്പോള്‍ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) (Asian Cricket Council announced Reserve day for India vs Pakistan Super Four match). സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് റിസർവ് ഡേ പ്രഖ്യാപിച്ചിരിക്കുകയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. സെപ്റ്റംബര്‍ 10-ന് നിശ്ചയിച്ചിരിക്കുന്ന മത്സരം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യം വരികയാണെങ്കില്‍, നിര്‍ത്തിയിടത്ത് നിന്നു തന്നെ സെപ്റ്റംബർ 11-ന് മത്സരം പുനരാരംഭിക്കുമെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിരിക്കുന്നത്.
ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ടിക്കറ്റ് എടുത്ത് കളി കാണാന്‍ എത്തിയ ആരാധകര്‍ക്ക് റിസര്‍വ് ദിനത്തിലും അതേ ടിക്കറ്റ് പ്രയോജനപ്പെടുത്താമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മാത്രമാണ് നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).
പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), അബ്‌ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഇഫ്‌തിഖർ അഹമ്മദ്, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.