കാന്‍ഡി: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് 231 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ട് ആയി (India vs Nepal Score Updates). 97 പന്തില്‍ എട്ട് ബൗണ്ടറികളോടെ 58 റണ്‍സടിച്ച ആസിഫ് ഷെയ്ഖാണ് നേപ്പാളിന്‍റെ ടോപ് സ്‌കോറര്‍.
വാലറ്റത്ത് സോംപാൽ കാമിയുടെ പ്രകടനവും ടീമിന് നിര്‍ണായകമായി. എട്ടാം നമ്പറിലെത്തിയ താരം 56 പന്തുകളില്‍ 48 റണ്‍സാണ് നേടിയത്. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
ഭേദപ്പെട്ട തുടക്കത്തിന് ഇന്ത്യയുടെ സഹായം: അനായാസ ക്യാച്ച് നിലത്തിട്ട് ഇന്ത്യന്‍ താരങ്ങള്‍ അകമഴിഞ്ഞ് സഹായിച്ചതോടെ നേപ്പാളിന് ഭേദപ്പെട്ട തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ കുശാൽ ഭുർട്ടെലിനും ആസിഫ് ഷെയ്ഖിനും കഴിഞ്ഞിരുന്നു. ആദ്യ അഞ്ച് ഓവറിനുള്ളില്‍ മൂന്ന് തവണയാണ് നേപ്പാള്‍ താരങ്ങള്‍ക്ക് ജീവന്‍ ലഭിച്ചത്. ശ്രേയസ് അയ്യര്‍ (Shreyas Iyer), വിരാട് കോലി (Virat Kohil), വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവരായിരുന്നു തുടക്കം തന്നെ ലഭിച്ച അനായാസ ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തിയത്.
ഭാഗ്യം കൂട്ടുനിന്നതോടെ ആദ്യ വിക്കറ്റില്‍ 10.5 ഓവറില്‍ 65 റണ്‍സാണ് നേപ്പാള്‍ ഓപ്പണര്‍മാര്‍ നേടിയത്. ഒടുവില്‍ കുശാൽ ഭുർട്ടെലിനെ പുറത്താക്കി ശാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 25 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സും സഹിതം 38 റണ്‍സടിച്ചായിരുന്നു കുശാല്‍ മടങ്ങിയത്.
തുടര്‍പ്രഹരവുമായി ജഡേജ: തുടര്‍ന്നെത്തിയെ ഭീം ഷാർക്കി (17 പന്തില്‍ 7), രോഹിത് പൗഡൽ (8 പന്തില്‍ 5), കുശാൽ മല്ല (5 പന്തില്‍ 2) എന്നിവരെ രവീന്ദ്ര ജഡേജ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ഒരറ്റത്ത് തുടര്‍ന്ന ആസിഫ് ഷെയ്ഖ് 28-ാം ഓവറില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അധികം വൈകാതെ മുഹമ്മദ് സിറാജിന്‍റെ പന്തിൽ വിരാട് കോലി പിടികൂടിയാണ് താരം മടങ്ങുന്നത്.
വാലറ്റത്ത് കാമിയുടെ കളി: പിന്നാലെ ചെറുത്ത് നില്‍പ്പിന് ശ്രമിച്ച ഗുൽസൻ ഝായെ (35 പന്തിൽ 23) മുഹമ്മദ് സിറാജും ദീപേന്ദ്ര സിങ് ഐറിയെ (25 പന്തുകളില്‍ 29) ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചയച്ചു. എന്നാല്‍ വാലറ്റത്ത് നിലയുറപ്പിച്ച സോംപാൽ കാമിയുടെ പ്രകടനം 44-ാം ഓവറില്‍ ടീമിന് 200 കടത്തി. ഒടുവില്‍ അര്‍ധ സെഞ്ചുറിക്ക് അരികെ മുഹമ്മദ് ഷമിയുടെ പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ഇഷാന്‍ കിഷനാണ് കാമിയെ മടക്കിയത്.
സന്ദീപ് ലാമിച്ചാനെ (17 പന്തില്‍ 9) റണ്ണൗട്ടായപ്പോള്‍ ലളിത് രാജ്ബൻഷിയുടെ (0) കുറ്റി പിഴുത മുമ്മദ് സിറാജാണ് നേപ്പാള്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. കരൺ കെസി (2) പുറത്താവാതെ നിന്നു.