ഗുവാഹത്തി: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ക്ക് തോല്‍വി വഴങ്ങിയിരുന്നു (India vs Australia 3rd T20I). ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 222 റണ്‍സായിരുന്നു നേടിയിരുന്നത്. റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 57 പന്തുകളില്‍ 13 ബൗണ്ടറികളും ഏഴ് സിക്‌സും സഹിതം 123 റണ്‍സായിരുന്നു താരം നേടിയത്.
മറുപടിക്കിറങ്ങിയ ഓസീസ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 225 റണ്‍സടിച്ച് വിജയം ഉറപ്പിച്ചു. 48 പന്തുകളില്‍ പുറത്താവാതെ എട്ട് ബൗണ്ടറികളും എട്ട് സിക്‌സും സഹിതം 104 റണ്‍സായിരുന്നു താരം അടിച്ചത്. ഇന്ത്യന്‍ ബോളര്‍മാരില്‍ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയായിരുന്നു ഏറ്റവും അടി വാങ്ങിയത്.
തന്‍റെ നാല് ഓവറില്‍ 68 റണ്‍സ് വഴങ്ങിയ പ്രസിദ്ധിന് ഒരൊറ്റ വിക്കറ്റും ലഭിച്ചിരുന്നില്ല. 17.00 ആണ് താരത്തിന്‍റെ ഇക്കോണമി. (Prasidh Krishna in India vs Australia 3rd T20I) ഓസീസിന് വിജയത്തിനായി 21 റണ്‍സ് വേണമെന്നിരിക്കെ അവസാന ഓവര്‍ എറിയാന്‍ പ്രസിദ്ധിനെയയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പന്തേല്‍പ്പിച്ചത്. എന്നാല്‍ താരം അടിവാങ്ങിക്കൂട്ടി.
പ്രസിദ്ധിനെതിരെ ആദ്യം ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്‌ഡായിരുന്നു സ്‌ട്രൈക്ക് ചെയ്‌തത്. ആദ്യ പന്തില്‍ ബൗണ്ടറിയും പിന്നീട് സിംഗിളുമെടുത്ത മാത്യു വെയ്‌ഡ് മാക്‌സ്‌വെല്ലിനെ സ്‌ട്രൈക്കിലെത്തിച്ചു. തുടര്‍ന്ന് പ്രസിദ്ധിന് നിലയുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം പന്ത് സിക്‌സറിന് പറത്തിയ മാക്‌സ്‌വെല്‍ പിന്നീട് തുടര്‍ച്ചയായ മൂന്ന് ഫോറുകളടിച്ച് ഓസീസിന് നാടകീയ വിജയമൊരുക്കുകയായിരുന്നു.
ഇതിന് പിന്നാലെ ചില കോണുകളില്‍ നിന്നും പ്രസിദ്ധിന് നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ താരത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ആശിഷ് നെഹ്‌റ. പ്രതിഭയുള്ള താരമാണ് പ്രസിദ്ധ് എന്നാണ് നെഹ്‌റ പറയുന്നത്. (Ashish Nehra supports Prasidh Krishna )
"പ്രസിദ് കൃഷ്‌ണയെ പോലെയുള്ള ഒരു താരത്തില്‍ പ്രതിഭകൾക്ക് ഒട്ടും കുറവില്ല. അവന്‍ തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി താരങ്ങളിൽ ഒരാളാണ്. ഇവിടെ, നമ്മള്‍ ടി20 ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
ഓസീസിനെതിരെ മൂന്ന് ടി20കള്‍മാത്രമാണ് അവന്‍ കളിച്ചിട്ടുള്ളത്. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ വളരെ കുറച്ച് മത്സരങ്ങള്‍ക്കാണ് അവന്‍ ഇറങ്ങിയത്. അനുഭവങ്ങളില്‍ നിന്നും അവന്‍ ഏറെ മെച്ചപ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്" ആശിഷ് നെഹ്‌റ പറഞ്ഞു.
ഏറെ നീണ്ട പരിക്കിന് ശേഷം അയര്‍ലന്‍ഡ് പര്യടനത്തിലൂടെയാണ് പ്രസിദ്ധ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അതേസമയം ഇന്ത്യയുടെ അടുത്ത മത്സരങ്ങളില്‍ മുകേഷ് കുമാറിനോ ദീപക് ചാഹറിനോ പ്രസിദ്ധ് വഴിയൊരുക്കിയേക്കും. ശനിയാഴ്‌ച റായ്‌പൂരിലാണ് പരമ്പരയിലെ അടുത്ത മത്സരം നടക്കുക.