മെല്‍ബണ്‍ : ആഷസ് ടെസ്റ്റിനിടെ കളത്തിന് പുറത്തും ഇംഗ്ലണ്ടിന് തിരിച്ചടി. ബോക്‌സിങ് ഡേ ടെസ്‌റ്റിന്‍റെ രണ്ടാം ദിനത്തില്‍ ടീമിനൊപ്പമുള്ള രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടീമിന്‍റെ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ രണ്ടാം ദിന മത്സരം അല്‍പം വൈകിയാണ് ആരംഭിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ആളുകള്‍ നിലവില്‍ ഐസൊലേഷനിലാണ്. ടീമിലെ മറ്റുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ചയാണ് ഇതിന്‍റെ ഫലം ലഭിക്കുക.
അതേസമയം മെല്‍ബണിലും ഇംഗ്ലണ്ട് തോല്‍വിയെ അഭിമുഖീകരിക്കുകയാണ്. 82 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ 31 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്.
also read:Premier League: ബോക്‌സിങ് ഡേയില്‍ ഗോൾമഴ, സിറ്റിയും ആഴ്‌സണലും ടോട്ടനവും മുന്നോട്ട്
നിലവില്‍ ആതിഥേയരേക്കാള്‍ 51 റണ്‍സ് പിറകിലാണ് സന്ദര്‍ശകര്‍. ഹസീബ് ഹമീദ് (7), സാക്ക് ക്രൗലി (5), ഡേവിഡ് മലാൻ (0), ജാക്ക് ലീഷ് (0) എന്നിവരാണ് തിരിച്ച് കയറിയത്. ക്യാപ്റ്റന്‍ ജോ റൂട്ട് (12*), ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് ക്രീസില്‍.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോലാന്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.നേരത്തെ, ഒന്നിന് 61 എന്ന നിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിങ്സ് പുനഃരാരംഭിച്ച ഓസീസിനെ 267 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കിയിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ മാര്‍കസ് ഹാരിസാണ് (76) ഓസീസിന്‍റെ ടോപ് സ്‌കോറര്‍.