സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 416 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്‌ത ഓസീസിന് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 13 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. ഹസീബ് ഹമീദ് (2), സാക്ക് ക്രാളി (2) എന്നിവരാണ് ക്രീസില്‍.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. ഉസ്‌മാന്‍ ഖവാജയുടെ മിന്നുന്ന സെഞ്ചുറിയും സ്‌റ്റീവ് സ്‌മിത്തിന്‍റെ അര്‍ധ സെഞ്ചുറിയുമാണ് ഓസീസിന്‍റെ ടോട്ടലില്‍ നിര്‍ണായകമായത്. 260 പന്തില്‍ 137 റണ്‍സാണ് ഖവാജ അടിച്ച് കൂട്ടിയത്. 141 പന്തില്‍ 67 റണ്‍സാണ് സ്‌മിത്തിന്‍റെ നേട്ടം.
ഡേവിഡ് വാര്‍ണര്‍ (30), മാര്‍കസ് ഹാരിസ് (38), മര്‍നസ് ലബുഷെയന്‍ (28), കാമറോണ്‍ ഗ്രീന്‍ (5), അലക്‌സ് ക്യാരി (13), പാറ്റ് കമ്മിന്‍സ് (24), എന്നിവരാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്ക് (34), നഥാന്‍ ലിയോണ്‍ (16) എന്നിവര്‍ പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിനായി സ്‌റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. 29 ഓവറില്‍ 101 റണ്‍സാണ് താരം വഴങ്ങിയത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക് വുഡ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
സിഡ്‌നിയില്‍ നടക്കുന്ന പിങ്ക് ഡേ ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം വൈകി തുടങ്ങിയ ഒന്നാം ദിനത്തില്‍ 46.5 ഓവര്‍ മാത്രമാണ് കളി നടന്നത്.
അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസീസ് നേരത്തെ തന്നെ പരമ്പര നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടെ ഇതടക്കം ബാക്കിയുള്ള രണ്ട് ടെസ്റ്റുകള്‍ ഇംഗ്ലണ്ടിന് അഭിമാനപ്പോരാട്ടമാണ്.