ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് 91 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നേടിയ 416 റണ്‍സിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 235 റണ്‍സില്‍ പുറത്താവുകയായിരുന്നു. 134 പന്തില്‍ 98 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍.
ഓസ്‌ട്രേലിയയ്‌ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് 278-4 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വെറും 59 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് അവസാന ആറ് വിക്കറ്റുകളും നഷ്‌ടമായത്. അര്‍ധ സെഞ്ചുറിക്ക് അരികെയുള്ള ഹാരി ബ്രൂക്കും, നായകന്‍ ബെന്‍ സ്റ്റോക്‌സുമാണ് കഴിഞ്ഞ ദിവസം പുറത്താവാതെ നിന്നത്.
എന്നാല്‍ ഇന്ന് തുടക്കം തന്നെ ഇംഗ്ലീഷ് പടയ്‌ക്ക് തിരിച്ചടിയേറ്റു. തലേന്നത്തെ വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍സ് പോലും ചേര്‍ക്കാന്‍ അനുവദിക്കാതെ ബെന്‍ സ്റ്റോക്‌സിനെ (17) മിച്ചല്‍ സ്റ്റാര്‍ക്ക് കാമറൂണ്‍ ഗ്രീനിന്‍റെ കയ്യില്‍ എത്തിച്ചു. അഞ്ച് റണ്‍സ് കൂടി ചേര്‍ത്ത് അര്‍ധ സെഞ്ചുറി തികച്ച ബ്രൂക്കിനെയും (68 പന്തില്‍ 50) സ്റ്റാര്‍ക്ക് മടക്കിയതോടെ ഇംഗ്ലണ്ട് നടുങ്ങി.
പിന്നാലെ എത്തിയ താരങ്ങളില്‍ ജോണി ബെയര്‍സ്‌റ്റോ (36 പന്തില്‍ 16), സ്റ്റുവര്‍ട്ട് ബ്രോഡ്(24 പന്തില്‍ 12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഒല്ലി റോബിന്‍സണ്‍ (10 പന്തില്‍ 9), ജോഷ് ടോങ് (4 പന്തില്‍ 1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ജയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താവാതെ നിന്നു.
ബെന്‍ ഡക്കറ്റിനെ കൂടാതെ സാക്ക് ക്രാളി (48 പന്തില്‍ 48), ഒല്ലി പോപ് (63 പന്തില്‍ 42), ജോ റൂട്ട് (19 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് കഴിഞ്ഞ ദിവസം നഷ്‌ടമായിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ സാക്ക് ക്രാളിയും ബെന്‍ ഡക്കറ്റും 91 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ക്രാളിയെ മടക്കി നാഥന്‍ ലിയോണാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.
തുടര്‍ന്ന് ഒന്നിച്ച ഡക്കറ്റും ഒല്ലി പോപ്പും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 97 റണ്‍സും ടീം ടോട്ടലില്‍ ചേര്‍ത്തു. ഒല്ലി പോപ്പിനെ സ്റ്റീവ് സ്‌മിത്തിന്‍റെ കൈകളിലെത്തിച്ച് കാമറൂണ്‍ ഗ്രീനാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. നാലാം നമ്പറിലെത്തിയ റൂട്ടിനെ നിലയുറപ്പിക്കും സ്റ്റാര്‍ക്ക് മടക്കിയപ്പോള്‍ പിന്നാലെ ബെന്‍ ഡക്കറ്റിനേയും സംഘത്തിന് നഷ്‌ടമാവുകയായിരുന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസിന് സെഞ്ചുറി നേടിയ സ്‌റ്റീവ് സ്‌മിത്തിന്‍റെ പ്രകടനമാണ് തുണയായത്. 184 പന്തില്‍ 110 റണ്‍സാണ് താരം നേടിയത്. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ (88 പന്തില്‍ 66), ട്രാവിസ് ഹെഡ് (73 പന്തില്‍ 77) എന്നിവരും തിളങ്ങി. ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സണ്‍, ജോഷ് ടെങ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ജോ റൂട്ട് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.