മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ മൂന്ന് റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി വഴങ്ങിയത് (India w vs Australia w). മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 258 റണ്‍സാണ് നേടിയത്. ലക്ഷ്യം പന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 255 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ഓസീസ് ഇന്നിങ്‌സില്‍ ഏഴ് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. 98 പന്തില്‍ 63 റണ്‍സ് നേടി ഓസീസിന്‍റെ ടോപ് സ്‌കോററായ ഫോബ് ലിച്ച്ഫീൽഡിന് മൂന്ന് തവണയാണ് ഇന്ത്യ ജീവന്‍ നല്‍കിയത്. സ്‌നേഹ് റാണ, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്‌തി ശര്‍മ, അമന്‍ജ്യോത് കൗര്‍, യാസ്‌തിക ഭാട്ടിയ എന്നിവര്‍ ഓരോന്ന് വീതവും സ്‌മൃതി മന്ദാന രണ്ട് ക്യാച്ചുകളുമാണ് പാഴാക്കിയത്.
പക്ഷെ, മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍ സംസാരിക്കവെ ഇതിനെ ന്യായീകരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ചെയ്‌തത്. ക്യാച്ചുകള്‍ നഷ്‌ടപ്പെടുന്നതും കളിയുടെ ഭാഗമാണെന്നായിരുന്നു ഹര്‍മന്‍റെ വാക്കുകള്‍. എന്നാല്‍ മത്സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് മോശമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് പരിശീകലന്‍ അമോൽ മജുംദാർ. (Amol Muzumdar on India Women fielding against Australia)
"ഞങ്ങളുടെ ഫീൽഡിങ് അത്ര മികച്ചതായിരുന്നില്ല എന്നതിൽ സംശയമില്ല. അതു ശരിയാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങൾ ഇപ്പോഴും പുരോഗതിയിലാണ്.
ആറോളം ക്യാച്ചുകളാണ് നഷ്‌ടപ്പെട്ടത്. ഒരു മത്സരത്തില്‍ ഇത് എല്ലായെപ്പോഴും സംഭവിക്കാറുണ്ട്. ഓസ്‌ട്രേലിയയും ചില ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തിയിരുന്നു. എന്നാല്‍ ഫീല്‍ഡിങ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.
ഈ പരമ്പരയ്ക്ക് ശേഷം ഞങ്ങൾക്ക് സമയം ലഭിക്കുകയാണെങ്കിൽ, ഫീൽഡിങ്ങിനും ഫിറ്റ്നസിനും വേണ്ടി ഞങ്ങൾ ഒരുപാട് സമയം ചെലവഴിക്കും"- അമോൽ മജുംദാർ പറഞ്ഞു.
റിച്ച ഘോഷിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ വിജയത്തിനോട് അടുപ്പിച്ചത്. 117 പന്തുകളില്‍ 13 ബൗണ്ടറികളോടെ 96 റണ്‍സായിരുന്നു റിച്ച അടിച്ചത്. 55 പന്തുകളില്‍ 44 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസും 38 പന്തില്‍ 34 റണ്‍സ് കണ്ടെത്തിയ സ്‌മൃതി മന്ദാനയും നിര്‍ണായക സംഭാവന നല്‍കിയിരുന്നു.
43.4 ഓവറില്‍ അഞ്ചിന് 218 റണ്‍സെന്ന നിലയില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയതിന് ശേഷമായിരുന്നു ആതിഥേര്‍ കളി കൈവിട്ടത്. 36 പന്തില്‍ 24 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദീപ്‌തി ശര്‍മയ്‌ക്കും ടീമിനെ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്ന പൂജ വസ്‌ത്രാകറിന് മുന്നെ അമന്‍ജ്യോത് കൗറിനെ ബാറ്റിങ്ങിന് അയച്ച മാനേജ്‌മെന്‍റ് തീരുമാനത്തിന് എതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇക്കാര്യത്തിലും അമോൽ മജുംദാർ വിശദീകരണം നല്‍കി.
ALSO READ: 'ഇന്ത്യയ്‌ക്ക് മുന്നില്‍ ഇപ്പോഴത്തെ പാകിസ്ഥാന്‍ ഒന്നുമല്ല': ഗൗതം ഗംഭീര്‍
ഓള്‍റൗണ്ടറായാണ് അമന്‍ജ്യോത് പ്ലേയിങ് ഇലവനിലെത്തിയത്. ഏഴാം നമ്പറാണ് താരത്തിന്‍റെ സ്ഥാനം. അതില്‍ മികവ് പുലര്‍ത്താന്‍ കഴിയുമെന്ന് വിശ്വാസമുള്ളതിനാലാണ് താരത്തെ ടീമിലെടുത്തത്. ഈ മത്സരത്തില്‍ അതിന് കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ആ സമയത്ത് ബാറ്റിങ് ഓര്‍ഡറില്‍ ഒരു മാറ്റത്തിന്‍റെ ആവശ്യമുള്ളതായി കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.