ന്യൂഡൽഹി : വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് തിരിച്ചുവരവിന്‍റെ പാതയിലാണ്. കഴിഞ്ഞ ഡിസംബറിലാണ് താരം അപകടത്തിൽപ്പെട്ടത്. 'ഞാൻ ഇപ്പോൾ വളരെ മികച്ച അവസ്ഥയിലാണ്, എന്‍റെ ആരോഗ്യം വളരെ മെച്ചപ്പെട്ടിരിക്കുന്നുവെന്നും' ഞെട്ടിപ്പിക്കുന്ന അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട റിഷഭ് പന്ത് വാർത്താഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.
2022 ഡിസംബർ 30ന് പുലർച്ചെയാണ് റിഷഭ് പന്ത് അപകടത്തിൽപ്പെട്ടത്. ഡൽഹി - ഡെറാഡൂൺ ഹൈവേയിൽ താരം സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ ഡിവൈഡറിൽ ഇടിച്ചുകയറി തീ പിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ മംഗല്ലൂരിനും നർസനുമിടയിലാണ് അപകടം നടന്നത്. പരിക്കിൽ നിന്നും വേഗത്തിൽ സുഖം പ്രാപിക്കാനായി തനിക്ക് വരുന്ന പിന്തുണയ്‌ക്കും ആശംസകൾക്കും നന്ദി പറഞ്ഞ പന്ത് മുന്നോട്ടുള്ള യാത്രയിൽ ഏത് വെല്ലുവിളികളും നേരിടാൻ താൻ തയ്യാറാണെന്നും വ്യക്‌തമാക്കി.
അഭിമുഖത്തിലെ ചില പ്രധാന ഭാഗങ്ങൾ;
Q. ആദ്യം തന്നെ നിങ്ങളുടെ വേഗത്തിലുള്ള സുഖപ്രാപ്‌തിക്കായി ആശംസകൾ നേരുന്നു. നിലവിൽ നിങ്ങളുടെ ആരോഗ്യസ്ഥിതി എങ്ങനെയാണ്..?
A. ഞാൻ ഇപ്പോൾ വളരെ മികച്ച അവസ്ഥയിലാണ്. എന്‍റെ ആരോഗ്യ സ്ഥിതിയിൽ കൂടുതൽ പുരോഗതിയുണ്ട്. ദൈവാനുഗ്രഹത്താലും മെഡിക്കൽ ടീമിന്‍റെ പിന്തുണയാലും വളരെ വേഗത്തിൽ ഞാൻ പൂർണ ആരോഗ്യവാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
Q. ജീവൻ തന്നെ നഷ്‌ടമായേക്കാവുന്ന തരത്തിലുള്ള ഒരു അപകടത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെട്ടു, അതിന് ശേഷം നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവായ രീതിയിൽ മാറ്റങ്ങളുണ്ടായതായി നിങ്ങൾ വിശ്വസിക്കുന്നുണ്ടോ..? ഇനി മുതൽ പുതിയൊരു ജീവിതത്തിന് തുടക്കമിടുകയാണോ ?
A. എനിക്ക് ചുറ്റുമുള്ളതെല്ലാം കൂടുതൽ പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് പറയാൻ എനിക്ക് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ഞാൻ ഇപ്പോൾ എന്‍റെ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണം എനിക്ക് ലഭിച്ചു. ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വിലമതിക്കുന്നിൽ ചിലത് എന്ന് പറയുന്നത്, എന്‍റെ ജീവിതം പൂർണമായി ആസ്വദിക്കുക എന്നതാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ അവഗണിച്ചിരുന്ന ഏറ്റവും ചെറിയ കാര്യങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
പ്രത്യേകിച്ചും അപകടത്തിന് ശേഷം പല്ല് തേക്കുന്നതിൽ പോലും ഞാൻ സന്തോഷം കണ്ടെത്തുന്നു. നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള യാത്രയിൽ ജീവിതത്തിൽ പതിവായി ചെയ്യുന്ന കാര്യങ്ങൾ നമ്മൾ നിസാരമായി കാണുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവും സന്ദേശവുമിതാണ്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാൻ ആരംഭിച്ചത് മുതൽ ഞാൻ സ്വീകരിച്ച മാനസികാവസ്ഥയാണ്.
Q. ക്രിക്കറ്റ് മത്സരങ്ങൾ പുരോഗമിക്കുകയാണ്.. ക്രിക്കറ്റിനെ നിങ്ങൾ എത്രത്തോളം മിസ് ചെയ്യുന്നുണ്ട്..?
A. അതിന് വ്യക്തമായ ഒരു മറുപടി പറയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവവായു പോലെ ക്രിക്കറ്റിനെ കൊണ്ടുനടക്കുന്ന എന്‍റെ ജീവിതത്തിൽ ഞാൻ ക്രിക്കറ്റിനെ എത്രമാത്രം നഷ്‌ടപ്പെടുത്തുന്നുവെന്ന് പറയാൻ പ്രയാസമാണ്. എന്നിരുന്നാലും എന്‍റെ പെട്ടെന്നുള്ള മടങ്ങിവരവിലേക്കാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞാൻ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്ന ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ കൂടുതൽ കാലം കാത്തിരിക്കാനാവില്ല.
Q. ഇപ്പോൾ നിങ്ങളുടെ ദിനചര്യ എന്തൊക്കെയാണ്.. എങ്ങനെയാണ് നിങ്ങൾ സമയം ചെലവഴിക്കുന്നത് ?
A. ഷെഡ്യൂൾ അനുസരിച്ചുള്ള ദിനചര്യ പിന്തുടരാൻ ഞാൻ ശ്രമിക്കുന്നു. ഉറക്കമുണർന്ന ശേഷം അന്നത്തെ എന്‍റെ ആദ്യത്തെ ഫിസിയോതെറാപ്പി സെഷന് വിധേയനാകും. അതിനുശേഷം കുറച്ച് സമയത്തെ വിശ്രമത്തിന് ശേഷം രണ്ടാം സെഷന് വേണ്ടി തയ്യാറാകും. കഠിനമായ ആദ്യ സെഷന് ശേഷം രണ്ടാമത്തെ സെഷൻ ഉടൻ ആരംഭിക്കുകയും എത്രത്തോളം വേദന സഹിക്കാൻ കഴിയും എന്നതിനനുസരിച്ച് പരിശീലനം തുടരുകയും ചെയ്യും. വൈകുന്നേരം ഫിസിയോതെറാപ്പിയുടെ മൂന്നാമത്തെ സെഷൻ ഉണ്ടാകും. ഇതിനിടയിൽ എന്‍റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണങ്ങൾ. എനിക്ക് ശരിയായി നടക്കാനാകുന്നത് വരെ ഈ പ്രക്രിയ തുടരും.
Q. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിങ്ങളെ വളരെയധികം മിസ് ചെയ്‌തു.വരാനിരിക്കുന്ന ഐപിഎല്ലിലും ആരാധകർ താങ്കളെ മിസ് ചെയ്യും. അവർക്കായി എന്തെങ്കിലും സന്ദേശങ്ങൾ നൽകാൻ ആഗ്രഹിക്കുന്നുണ്ടോ..?
A. എല്ലാ സമയത്തും എന്‍റെ നന്മ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ എനിക്ക് ചുറ്റുമുള്ളതിൽ ഞാൻ വളരെ സന്തോഷവാനാണ്. അങ്ങേയറ്റം നന്ദിയുള്ളവാനാണ്... തുടർന്നും ഇന്ത്യൻ ടീമിനെയും ഡൽഹി ക്യാപിറ്റൽസിനെയും പിന്തുണയ്ക്കുക എന്നതാണ് എന്‍റെ ആരാധകർക്കുള്ള സന്ദേശം. നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ആശംസകൾ അയക്കുന്നത് തുടരുക. നിങ്ങളെ സന്തോഷിപ്പിക്കാനായി ഞാൻ ഉടൻ മടങ്ങിവരാം.