മുംബൈ : ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് (Suryakumar Yadav). എന്നാല്‍ ഏകദിനത്തിലേക്ക് എത്തുമ്പോള്‍ സൂര്യ പതറുന്ന കാഴ്‌ചയാണ് പലതവണയുണ്ടായത്. പക്ഷേ, മാനേജ്‌മെന്‍റിന്‍റെ നിരന്തര പിന്തുണ ലഭിച്ച താരം ഏകദിന ലോകകപ്പിലും (Cricket World Cup 2023) ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങിയിരുന്നു. ഫൈനലില്‍ നടത്തിയ മോശം പ്രകടനത്തിന് തെല്ലൊന്നുമല്ല സൂര്യകുമാര്‍ യാദവ് ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങിയത്.
എന്നാല്‍ ഇതിന്‍റെ പ്രായശ്ചിത്തം തീര്‍ക്കുന്ന പ്രകടനമായിരുന്നു 33-കാരന്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ (India vs Australia T20I) ആദ്യ മത്സരത്തില്‍ നടത്തിയത്. വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി കളം നിറഞ്ഞ താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇപ്പോഴിതാ ഏകദിന ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ് പ്രയാസപ്പെടുന്നതിന്‍റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് (AB de Villiers on Suryakumar Yadav's struggles In ODI Format).
ടി20 ഫോർമാറ്റില്‍ മാത്രമല്ല, ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിലും തിളങ്ങാന്‍ ആവശ്യമായ മികവ് സൂര്യയ്‌ക്കുണ്ടെന്ന് കരുതുന്ന എബി ഡിവില്ലിയേഴ്‌സിന്‍റെ വാക്കുകള്‍ ഇങ്ങനെ. "ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും മികച്ച കളിക്കാരനാവാനുള്ള കഴിവ് സൂര്യകുമാറിനുണ്ട്. കാരണം അവന്‍റെ ടെക്‌നിക്കുകള്‍ അത്രയും മികച്ചതാണ്.
എന്നെ സംബന്ധിച്ച്, ഒരു മേഖലയിലും അവന് ദൗര്‍ബല്യമില്ല. ടി20 ഫോര്‍മാറ്റിലേത് പോലെ മറ്റ് ഫോര്‍മാറ്റുകളില്‍ അവന് അടിത്തറ ഒരുക്കാന്‍ കഴിയുന്നില്ലെന്നത് വിചിത്രമാണ്. ടി20 പോലെ തന്നെ ഏകദിന ഫോർമാറ്റ് കൈകാര്യം ചെയ്യാൻ കഴിയുമെന്ന വിശ്വാസം നേടുക എന്നതാണ് അവനെ സംബന്ധിച്ചുള്ള ഒരേയൊരു പ്രശ്‌നം എന്നാണ് എനിക്ക് തോന്നുന്നത്"- എബി ഡിവില്ലിയേഴ്‌സ് (AB de Villiers on Suryakumar Yadav) പറഞ്ഞു.
അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് എതിരെ വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യില്‍ രണ്ട് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ വിജയം നേടിയത്. പരമ്പരയിലെ രണ്ടാം ടി20 ഇന്ന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് ഏഴ് മുതലാണ് കളി ആരംഭിക്കുക.
ALSO READ: രാഹുല്‍ ദ്രാവിഡ് പുതിയ റോളിലേക്ക്; ലഖ്‌നൗവില്‍ ഗംഭീറിന്‍റെ പകരക്കാരനായേക്കും
ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad Against Australia): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, രവി ബിഷ്‌ണോയ്, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശ്രേയസ് അയ്യര്‍.
ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20 Squad Against India): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്‌മിത്ത്, മാത്യു ഷോര്‍ട്, മാത്യു വെയ്‌ഡ് (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്, സീന്‍ ആബോട്ട്, നഥാന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ, തന്‍വീര്‍ സംഗ.