ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഐപിഎല്ലിന്‍റെ 15-ാം സീസണ്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയെ കൂടാതെ ശ്രീലങ്കയേയും വേദിയായി ബിസിസിഐ പരിഗണിക്കുന്നുണ്ട്.
ഏപ്രിൽ ആദ്യ വാരത്തോടെ രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ കാര്യമായ മാറ്റമുണ്ടായില്ലെങ്കിൽ ഐപിഎൽ വീണ്ടും കടൽ കടക്കുമെന്നാണ് വിവരം. 2009ൽ ഇന്ത്യയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിനെത്തുടർന്ന് ആ സീസണ്‍ ഐപിഎൽ ദക്ഷിണാഫ്രിക്കയിൽ വെച്ചായിരുന്നു സംഘടിപ്പിച്ചിരുന്നത്. അതിനാലാണ് ദക്ഷിണാഫ്രിക്കയെ പ്രധാനമായും ബിസിസിഐ പരിഗണിക്കുന്നത്.
കൂടാതെ ടെസ്റ്റ് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയിൽ ഒരുക്കിയ ക്രമീകരണങ്ങളിൽ ബിസിസിഐ ഏറെ തൃപ്‌തരാണ്. അതും ഐപിഎൽ വേദിയായി ദക്ഷിണാഫ്രിക്കയെ പരിഗണിക്കുന്നതിനുള്ള പ്രധാന കാരണമാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണ്‍ മത്സരങ്ങൾ ഇന്ത്യക്ക് പുറത്ത് നടത്താൻ തീരുമാനിച്ചപ്പോൾ അതിന് സന്നദ്ധത പ്രകടിപ്പിച്ച രാജ്യമായിരുന്നു ശ്രീലങ്ക. അതിനാൽ തന്നെയാണ് ദക്ഷിണാഫ്രിക്കക്ക് പുറമേ ബാക്ക് അപ്പ് വേദിയായി ശ്രീലങ്കയേയും ബിസിസിഐ പരിഗണിക്കുന്നത്.
ALSO READ: IPL 2022: മെഗാ താരലേലം ഫെബ്രുവരി 12-13 തിയതികളില്‍ ബെംഗളൂരുവില്‍
കൊവിഡിനെ തുടർന്ന് ഐപിഎല്ലിന്‍റെ 2020 സീസണ്‍ പൂർണമായും, 2021 സീസണ്‍ ഭാഗികമായും യുഎഇയിൽ വെച്ചായിരുന്നു സംഘടിപ്പിച്ചിരുന്നത്. ടൂർണമെന്‍റുകൾ വിജയകരമായി പൂർത്തിയാക്കിയെങ്കിലും വീണ്ടും മത്സരങ്ങൾ യുഎഇയിലേക്ക് കൊണ്ടുപോകുന്നതിൽ ബിസിസിഐക്കും താൽപര്യമില്ല.
നേരത്തെ മഹാരാഷ്‌ട്രയിൽ മാത്രമായി ഐപിഎൽ മത്സരങ്ങൾ നടത്താനുള്ള ആലോചനകൾ ബിസിസിഐ നടത്തിയിരുന്നു.