ഹൈദരാബാദ് : 28 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്തിയിട്ട് ഇന്ന് 11 വർഷം. 2011 ഏപ്രില്‍ രണ്ടിനാണ് മുംബൈയിലെ വാങ്കഡെയിൽ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലേക്കുയര്‍ന്നത്. കുമാര്‍ സംഗക്കാരയ്‌ക്ക് കീഴിലിറങ്ങിയ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.
കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 275 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇന്ത്യയ്‌ക്ക് മുന്നിലുയര്‍ത്തിയത്. 88 പന്തില്‍ 103 റണ്‍സെടുത്ത ജയവര്‍ധനയുടെ ഇന്നിങ്സായിരുന്നു ലങ്കയ്‌ക്ക് തുണയായത്. എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കം പതറി.
രണ്ടാം പന്തിൽ തന്നെ വിരേന്ദർ സെവാഗിനെയും ആറാം ഓവറിൽ സച്ചിനെയും നഷ്ടമായതോടെ സംഘം അപകടം മണത്തിരുന്നു. ഈ സമയം 31 റണ്‍സാണ് ടീം ടോട്ടലിലുണ്ടായിരുന്നത്. പക്ഷേ പിന്നാലെയെത്തിയ ഗൗതം ഗംഭീർ നിലയുറപ്പിച്ചതോടെ പ്രതീക്ഷകള്‍ക്ക് ജീവന്‍വച്ചു.
ഇടക്ക് വിരാട് കോലി (35) തിരിച്ച് കയറിയെങ്കിലും തുടര്‍ന്നെത്തിയ ധോണിയോടൊപ്പം ഗംഭീര്‍ നിറഞ്ഞാടി. അർഹിച്ച സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ ഗംഭീർ വീണെങ്കിലും യുവരാജിനെയും കൂട്ടുപിടിച്ച് ധോണി മുന്നേറി. ഒടുവിൽ 48-ാം ഓവറിലെ രണ്ടാം പന്തിൽ നുവാൻ കുലശേഖരയുടെ പന്ത് സിക്‌സറടിച്ചാണ് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
also read: ‘ഹയ്യാ ഹയ്യാ’ ; ഒന്നിക്കാന്‍ ആഹ്വാനം ചെയ്‌ത് ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം
91 റൺസുമായി പുറത്താകാതെ നിന്ന് ധോണി മത്സരത്തിലെ താരവും യുവരാജ് ടൂർണമെന്‍റിന്‍റെ താരവുമായി. 'ധോണി ഫിനിഷസ് ഓഫ് ഇൻ ഹിസ് സ്റ്റൈല്‍, ജനക്കൂട്ടത്തിനിടയിലേക്ക് ഗംഭീര സ്‌ട്രൈക്ക്! 28 വർഷത്തിന് ശേഷം ഇന്ത്യ ലോകകപ്പ് ഉയർത്തുന്നു!' രവി ശാസ്ത്രി വിളിച്ചുപറഞ്ഞപ്പോൾ ഇന്ത്യയൊന്നാകെ ആഘോഷത്തിലാറാടി.