ബേസല്‍: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സ്വിറ്റ്സര്‍ലാന്‍ഡിലെ ബേസലില്‍ തുടക്കം. പിവി സിന്ധുവും സൈന നെഹ്‌വാളും അടങ്ങുന്ന മികച്ച നിരയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇന്ത്യ പോരാട്ടത്തിന് ഇറങ്ങുന്നത്. സിന്ധു ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തും സൈന എട്ടാം സ്ഥാനത്തുമാണ്. ഇത്തവണ പങ്കെടുത്ത പത്ത് ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നില്‍ പോലും കിരീടം നേടാന്‍ സിന്ധുവിന് കഴിഞ്ഞിരുന്നില്ല. രണ്ട് തവണ ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളി മെഡല്‍ നേടിയ സിന്ധു ഇത്തവണ സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്.
പുരുഷന്മാരില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്ത്, സായ് പ്രണീത് മലയാളി താരം എച്ച് എസ് പ്രണോയ് എന്നിവര്‍ക്കും മെഡല്‍ സാധ്യതയുണ്ട്. ആദ്യ റൗണ്ടില്‍ അയര്‍ലാന്‍ഡിന്‍റെ നാത് എന്‍ഗുയേനാണ് ശ്രീകാന്തിന്‍റെ എതിരാളി. എന്നാല്‍ പുരുഷ ഡബിള്‍സില്‍ തായ്‌ലാന്‍ഡ് ഓപ്പണ്‍ കിരീടം നേടിയ സ്വാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഡബിള്‍സില്‍ അശ്വനി പൊന്നപ്പ-സാത്വിക്, സിക്കി എന്‍ റെഡ്ഡി-അശ്വനി പൊന്നപ്പ സഖ്യത്തിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ആഗസ്ത് 25 നാണ് ഫൈനല്‍ പോരാട്ടം.