എറണാകുളം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ സിനിമയിൽ തുടക്കം കുറിച്ച്, പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അപ്പാനി ശരത് എന്ന ശരത് കുമാർ. ചിത്രത്തിലെ അപ്പാനി രവിയായുള്ള യുവതാരത്തിന്‍റെ ഗംഭീരപ്രകടനത്തിന് ശേഷം വെളിപാടിന്‍റെ പുസ്‌തകം, പൈപ്പിൻ ചുവട്ടിലെ പ്രണയം, തമിഴിൽ ചെക്കാ ചിവന്ത വാനം തുടങ്ങി നിരവധി ചിത്രങ്ങളിലും ശരത് അഭിനയിച്ചു. ഇപ്പോഴിതാ നായകൻ മാത്രമല്ല, തിരക്കഥാകൃത്തിന്‍റെ കുപ്പായം കൂടി അണിയുകയാണ് യുവനടൻ അപ്പാനി ശരത്. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ് അപ്പാനി ശരത് ചിത്രത്തിനായി തയ്യാറാക്കുന്നത്. ചാരം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും ശരത് അപ്പാനിയുടേത് തന്നെയാണ്.
"ഞാൻ ഡ്രാമാ വിദ്യാർഥിയായിരിക്കുമ്പോൾ കോഴ്‌സിന്‍റെ ഭാഗമായാണ് ഈ കഥ ആദ്യമായി ക്ലാസിൽ അവതരിപ്പിച്ചത്. അത്ര വൈകാരികമായി ബന്ധമുള്ള കഥയായതിനാൽ വളരെയധികം പ്രശംസ പിടിച്ചു പറ്റി." പലപ്പോഴും ഈ കഥ സിനിമക്കായി വികസിപ്പിച്ചെടുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും സമയ പരിമിതികൾ കാരണം നീണ്ടുപോകുകയായിരുന്നു എന്നാണ് ശരത് പറയുന്നത്. താൻ ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതായും അതിനാലാണ് ചാരത്തിന്‍റെ കഥ ഏഴുതാൻ തീരുമാനിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
തിരക്കഥ എഴുതുമ്പോൾ സുഹൃത്തും ക്യാമറാമാനുമായ നിതിനുമായി കഥ ചർച്ച ചെയ്തിരുന്നു. സ്ക്രിപ്റ്റ് പൂർത്തിയാകുമ്പോഴേക്കും സിനിമയിൽ വേണ്ട ഫ്രെയിമുകളും ഷോട്ടുകളം നിശ്ചയിക്കാൻ കഴിഞ്ഞെന്നും ശരത് വിശദീകരിച്ചു. സംവിധായകൻ ജോമി ജോസേഫിനോട് ആദ്യം കഥ വിവരിച്ചപ്പോൾ തന്നെ അദ്ദേഹം ചിത്രത്തിന്‍റെ സംവിധാനവും നിർമാണവും ചെയ്യാനായി തയ്യാറാവുകയായിരുന്നു. സെന്‍റ് മറിയ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചാരത്തിന്‍റെ സംഭാഷണം മനു എസ്. പിള്ളയാണ്. നിധിൻ ധായനാണ് ഛായാഗ്രഹണം. അങ്കമാലി ഡയറീസിൽ അഭിനയിച്ച സിനോജ് വർഗീസ്, ഓട്ടോ ശങ്കർ സീരീസിൽ അഭിനയിച്ച സെൽവ പാണ്ഡ്യൻ, നടൻ രാജേഷ് ശർമ, ജെയിംസ് എലിയാ എന്നിവരാണ് സിനിമയിലെത്തുന്ന മറ്റ് അഭിനേതാക്കൾ. ശരത് അപ്പാനി അഭിനയിക്കുന്ന പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം 'ബർണാഡ്' ആണ്. ദേവപ്രസാദ് നാരായണനാണ് ബർണാഡിന്‍റെ തിരക്കഥയും സംഗീതവും സംവിധാനവും നിർവഹിക്കുന്നത്.