കൊവിഡിനെ നേരിടാന്‍ കഠിനമായി പരിശ്രമിക്കുകയാണ് നമ്മുടെ രാജ്യം. പലരും തന്നാല്‍ കഴിയുവിധം സഹായങ്ങള്‍ നല്‍കിയും സേവനങ്ങള്‍ ചെയ്തുമാണ് കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകുന്നത്. സിനിമാ താരങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. അത്തരത്തില്‍ ലോക്ക് ഡൗണ്‍ കാലത്തെ ജനങ്ങളുടെ പ്രയാസങ്ങള്‍ അറിഞ്ഞ് നടന്‍ വിജയ് ദേവെരകൊണ്ട ഒരു സംരഭത്തിന് തുടക്കമിട്ടിരുന്നു. ആവശ്യക്കാരെ സഹായിക്കുന്നതിനായി തുടക്കമിട്ട ദേവെരകൊണ്ട ഫൗണ്ടേഷന്‍ 1.7 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. സ്വന്തമായി 25 ലക്ഷം രൂപ നിക്ഷേപിച്ചായിരുന്നു വിജയ് ദേവെരകൊണ്ട ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചത്. താരങ്ങളെയും മറ്റ് പ്രമുഖരെയും സഹായത്തിനായി ക്ഷണിക്കുകയും ചെയ്‍തു വിജയ്. ഒട്ടേറെപ്പേര്‍ സഹായവുമായി എത്തി. ഇതോടെ 36 ദിവസം കൊണ്ട് 1.7 കോടി രൂപയാണ് ഫൗണ്ടേഷന്‍ സമാഹരിച്ചത്.
ഫൗണ്ടേഷന്‍ 17000 കുടുംബങ്ങളെയാണ് സഹായിച്ചത്. ദി മിഡില്‍ ക്ലാസ് ഫണ്ട് എന്ന പേരില്‍ സമാഹരിച്ച പണം ലോക്ക് ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനാണ് ഉപയോഗിച്ചത്. യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കുന്നതിനായി ഫസ്റ്റ് ജോബ് പ്രോഗ്രാം എന്ന സംരഭത്തിനും വിജയ് ദേവെരകൊണ്ട തുടക്കമിട്ടിരുന്നു. 535 വളണ്ടിയര്‍മാരായിരുന്നു ദേവെരകൊണ്ട ഫൗണ്ടേഷന് ഒപ്പം പ്രവര്‍ത്തിച്ചത്.