എറണാകുളം: സംവിധായകൻ വെട്രിമാരന്‍റെയും സൂരിയുടെയും കൂട്ടുകെട്ടിലൊരുങ്ങുന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് സൂചന. അസുരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിരവധി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് വെട്രിമാരൻ. മീരാൻ മൈതീന്‍റെ 'അജ്‌നബി' എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിനും, സി.എസ് ചെല്ലപ്പ രചിച്ച 'വാടിവാസൽ' എന്ന നോവലിനെ ആസ്‌പദമാക്കി സൂര്യ നായനാകുന്ന ചിത്രത്തിനും പദ്ധതിയിട്ടിരുന്നു.
അജ്‌നബിയുടെ ചിത്രീകരണം ഗൾഫ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ നിലവിൽ ഷൂട്ടിങ് ചെയ്യുന്നത് ബുദ്ധിമുട്ടിലാണ്. സൂര്യ മറ്റ് സിനിമകളുടെ ചിത്രീകരണത്തിന്‍റെ തിരക്കുകളിൽ ആയതിനാൽ വാടിവാസൽ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിട്ടില്ല. ഇതിനിടയിൽ ഒരു ചെറിയ സിനിമ ചെയ്യണമെന്ന് വെട്രിമാരൻ തീരുമാനിക്കുകയും ഹാസ്യ താരം സൂരിയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിക്കുകയുമായിരുന്നു.
ഇപ്പൊൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, സൂരി പ്രധാന കഥാപാത്രമാകുന്ന സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച മുതൽ സത്യമംഗലം വനപ്രദേശങ്ങളിൽ ആരംഭിക്കും. ഇതിന് ശേഷം, സംവിധായകന് മറ്റ് ചിത്രങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതിനാൽ, സൂരി ചിത്രത്തിന്‍റെ ഷൂട്ടിങ് ഉടൻ തന്നെ തുടങ്ങി പൂർത്തിയാക്കാനും സാധ്യതകളുണ്ട്. ഇതിന് പുറമെ, ശശികുമാറിനെ നായകനാക്കി തയ്യാറാക്കുന്ന പുതിയ സിനിമയുടെ തിരക്കഥയും രചനയും വെട്രിമാരനാണ് നിർവഹിക്കുന്നത്.