സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഹ്രസ്വചിത്രമായിരുന്നു നടി രചന നാരായണന്‍ക്കുട്ടി കേന്ദ്രകഥാപാത്രമായി എത്തിയ വഴുതന. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞ് നോക്കുന്നവര്‍ക്ക് നേരെയുള്ള പരിഹാസമായാണ് ചിത്രത്തിന്‍റെ പ്രമേയം. എന്നാല്‍ ഈ പ്രമേയം അവതരിപ്പിക്കാനായി ചിത്രത്തില്‍ അമിതമായി ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങളും മറ്റും ഉള്‍പ്പെടുത്തി എന്ന പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് ടീസര്‍ പുറത്തിറക്കിയതും വെറും കച്ചവട തന്ത്രമാണെന്നും ആരോപണമുണ്ട്. എന്നാല്‍ തന്‍റെ ഷോര്‍ട്ട്ഫിലിമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് വഴുതനയുടെ സംവിധായകന്‍ അലക്സ്.
'സ്ത്രീ പക്ഷ സിനിമകള്‍ ഇഷ്ടപെടുന്ന ആളാണ് ഞാന്‍. മുമ്പ് ഞാന്‍ ചെയ്ത ആംബുലന്‍സ് എന്ന ഹ്രസ്വചിത്രവും അങ്ങനെയുള്ളതാണ്. അതില്‍ കലാഭവന്‍ മണിയാണ് അഭിനയിച്ചത്. റേപ്പ് സീന്‍ ഉള്‍പ്പടെ അതില്‍ ഉണ്ടായിരുന്നു. പക്ഷെ ഒട്ടും വള്‍ഗാരിറ്റി ഇല്ലാതെയാണ് അതെല്ലാം അവതരിപ്പിച്ചത്. ഒരു ചെറുകഥ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചിന്തയില്‍ നിന്നാണ് വഴുതനങ്ങ എന്ന ഹ്രസ്വചിത്രം ഉണ്ടാകുന്നത്. ആ കഥ എഴുതിയ ആള്‍ തന്നെയാണ് ഇതിന്‍റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഞാന്‍ എല്ലാം പോസിറ്റീവ് ആയി മാത്രമേ എടുക്കുന്നുള്ളൂ. അതിപ്പോള്‍ നെഗറ്റീവ് കമന്‍റുകള്‍ ആണെങ്കില്‍ പോലും അങ്ങനെയേ കാണുന്നുള്ളൂ. എനിക്ക് കിട്ടിയ സബ്ജക്ട് ഞാന്‍ എന്‍റെ രീതിയില്‍ അവതരിപ്പിച്ചു. പിന്നെ ഒരു നൂറു പേരുണ്ടെങ്കില്‍ നൂറു പേര്‍ക്കും നൂറ് കാഴ്ച്ചപ്പാടാണ്. അതുപോലെ തന്നെ മാത്രമേ ഈ കമന്‍റുകളെയുംവിമര്‍ശനങ്ങളെയും കുറിച്ച് ഞാന്‍ ചിന്തിക്കുന്നുള്ളൂ'. നേരത്തെ ചിത്രത്തെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് കേന്ദ്രകഥാപാത്രമായി എത്തിയ നടി രചന നാരായണന്‍ക്കുട്ടിയും പ്രതികരിച്ചിരുന്നു.