ഹോളിവുഡ് സൂപ്പർസ്റ്റാർ ടോം ക്രൂയ്‌സിന്‍റെ ബിഎംഡബ്ല്യൂ മോഷണം പോയി. മിഷൻ ഇംപോസിബിൾ സിനിമയുടെ ചിത്രീകരണത്തിനിടെ ലണ്ടനിൽ വച്ചാണ് കാർ മോഷ്‌ടിക്കപ്പെട്ടത്.
ബർമിങ്ഹാമിലെ യാത്രയ്‌ക്കുൾപ്പെടെ താരം ഉപയോഗിച്ച വാഹനമായിരുന്നു ഇത്. അതിനാൽ തന്നെ യാത്രയ്‌ക്ക് ഉപയോഗിച്ച ലഗേജുകളും ചില സാധനങ്ങളും ആഢംബര കാറിലുണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഇലക്‌ട്രോണിക് ഉപകരണത്തെ ട്രാക്ക് ചെയ്‌ത് അധികം വൈകാതെ തന്നെ കാർ കണ്ടെത്തുകയും ചെയ്‌തു. എന്നാൽ, നിർഭാഗ്യവശാൽ ഇതിലെ സാധനങ്ങൾ കളവ് പോയി.
ബർമിങ്ഹാമിലെ ഗ്രാൻഡ് ഹോട്ടലിന് പുറത്ത് ചർച്ച് സ്‌ട്രീറ്റിലായിരുന്നു ബിഎംഡബ്ല്യൂ എക്‌സ് 7 എന്ന ആഢംബര കാർ പാർക്ക് ചെയ്‌തിരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അതീവ സുരക്ഷയുള്ള നടന്‍റെ കാർ മോഷ്‌ടാക്കൾ കൈക്കലാക്കുകയായിരുന്നു.
Also Read: ഗോൾഡൻ ഗ്ലോബ്; അവാർഡ് തിരിച്ചു നൽകാൻ ടോം ക്രൂസും സംപ്രേഷണത്തിൽ നിന്ന് പിന്മാറി എൻബിസിയും
പൊലീസ് ഉടൻ തന്നെ പരിശോധന ആരംഭിച്ച് കാർ കണ്ടെത്തുകയായിരുന്നു. ഹോളിവുഡിലെ അതീവ സുരക്ഷയുള്ള താരങ്ങളിൽ ഒരാളായ ടോം ക്രൂയ്‌സിന്‍റെ കാർ മോഷണം പോയത് വലിയ ആശങ്കയും ഉണ്ടാക്കി.