ചെന്നൈ: ആതുരസേവനം ആത്മസമർപ്പണമാക്കി നിർധനർക്ക് സാന്ത്വനമേകിയ 'അഞ്ച് രൂപാ ഡോക്‌ടർ' ഇനിയില്ല. വ്യാസർപാടിയിലെ നിർധനരായ ജനങ്ങൾക്ക് വൈദ്യസഹായം നൽകി മാതൃകാപരമായ സേവനം കാഴ്‌ചവെച്ച ഡോ.തിരുവേങ്കടം വീരരാഘവൻ (70) ഇന്ന് രാവിലെ വിടവാങ്ങി. മെർസൽ എന്ന തമിഴ് ചിത്രത്തിൽ വിജയ് അവതരിപ്പിച്ച അഞ്ച് രൂപാ ഡോക്‌ടർ, വീരരാഘവന്‍റെ സേവനത്തെ ആസ്‌പദമാക്കി ഒരുക്കിയതാണ്.
1973ൽ രണ്ട് രൂപയുമായി ചികിത്സക്കെത്തിയ രോഗിക്ക് വൈദ്യസഹായം നൽകിയാണ് അഞ്ച് രൂപാ ഡോക്‌ടറിന്‍റെ പരിവേഷങ്ങളില്ലാത്ത ജീവിതം ആരംഭിക്കുന്നത്. എരുക്കാഞ്ചേരിയിൽ വ്യാസർപാടി അശോക് പില്ലറിനടുത്തായി സ്ഥിതി ചെയ്യുന്ന വീരരാഘവന്‍റെ ക്ലിനിക്കിൽ എല്ലാ ദിവസവും എത്തുന്നത് രോഗികളുടെ വലിയ കൂട്ടമായിരുന്നു. ഏത് അർധരാത്രിയിലും ആശ്രയത്തിന് എത്തുന്ന രോഗികളെ അദ്ദേഹം മടക്കി അയച്ചിട്ടില്ല. അങ്ങനെ രണ്ട് രൂപയിൽ സേവനം നൽകി ആതുരസേവനത്തെ അതിന്‍റെ പരിപൂർണ അർത്ഥത്തിലെത്തിച്ച ഡോ. വീരരാഘവൻ രോഗികളുടെ ആവശ്യപ്രകാരമാണ് പ്രതിഫലം അഞ്ചു രൂപയിലേക്ക് മാറ്റിയതും. സ്റ്റാൻലി മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം നിരാലംബരായ രോഗികളുടെ ചികിത്സ ആരംഭിച്ചു. 2015ലെ പ്രളയത്തിൽ എല്ലാം നഷ്‌ടപ്പെട്ടപ്പോഴും അഞ്ച് രൂപാ ഡോക്‌ടർ തന്‍റെ ലക്ഷ്യം മറന്നില്ല. വ്യാസർപാടി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും അടുത്തുള്ള പ്രദേശത്ത് തന്നെ ക്ലിനിക് ആരംഭിച്ച് അദ്ദേഹം തന്‍റെ കർത്തവ്യം പിന്തുടർന്നു.
മദ്രാസ് മെഡിക്കൽ കോളജിൽ പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ, മിക്ക ആരോഗ്യപ്രവർത്തകരും വിമുഖത കാണിച്ചിരുന്ന കുഷ്ഠരോഗികളുടെ ചികിത്സക്കായും ഡോ.വീരരാഘവൻ പ്രവർത്തിച്ചു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കെ. കാമരാജിന്‍റെ പ്രവർത്തനങ്ങളാണ് പ്രതിഫലേച്ഛയില്ലാതെ ആതുരസേവനം നടത്തുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. 100 രൂപയിലേക്കെങ്കിലും ഫീസ് വർധിപ്പിക്കാൻ നാട്ടുകാരും സഹപ്രവർത്തകരും നിർബന്ധിച്ചെങ്കിലും വീരരാഘവൻ തന്‍റെ നിശ്ചയദാർഡ്യത്തിൽ തന്നെ ഉറച്ചുനിന്നു.
റെയിൽവേ ഉദ്യോഗസ്ഥയായ സരസ്വതിയാണ് ഡോ. വീരരാഘവന്‍റെ ഭാര്യ. ഡോക്‌ടർമാരായ പ്രീതി, ദീപക് എന്നിവരാണ് മക്കൾ. മനുഷ്യസേവനം ജീവിതമാക്കിയ ഡോ. തിരുവേങ്കടം വീരരാഘവന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഡി.എം.കെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ, തെലങ്കാന ഗവർണർ തമിഴ്‌സായ് സൗന്ദരരാജൻ തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.