വീട്ടുജോലിക്കാരനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കന്നട, തെലുങ്ക് നിര്‍മാതാവും ബിഗ് ബോസ് മത്സരാര്‍ഥിയുമായിരുന്ന ന്യൂടന്‍ നായിഡുവിനെ പതിനാല് ദിവസത്തേക്ക് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. വിശാഖപട്ടണം കോടതിയുടേതാണ് ഉത്തരവ്. പ്രതിയെ അനകപ്പള്ളി സബ് ജയിലിലേക്ക് മാറ്റി. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വച്ചാണ് ആന്ധ്രപ്രദേശ് പൊലീസ് ഇയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. സുജാതനഗറിലെ വീട്ടിലെ ജോലിക്കാരനായിരുന്ന ശ്രീകാന്തിനെ ക്രൂരമായ ആക്രമണത്തിന് ഇരയാക്കുകയും തല മുണ്ഡനം ചെയ്യിക്കുകയും ചെയ്തുവെന്നാണ് ന്യൂടന് എതിരായ കേസ്. തുടര്‍ന്ന് ശ്രീകാന്തിനെ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തു. പിന്നീടാണ് ന്യൂടനും ഭാര്യയ്ക്കുമെതിരെ പരാതിയുമായി യുവാവ് രംഗത്തെത്തിയത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ന്യൂടന്‍റെ ഭാര്യ ഉള്‍പ്പടെ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയെ അറസ്റ്റ് ചെയ്തതോടെ ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവിലേക്കും മംഗലാപുരത്തേക്കും പോയ ഇയാളെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പി.വി രമേഷാണെന്ന് ആള്‍മാറാട്ടം നടത്തി ഡോക്ടര്‍മാരോട് സംസാരിച്ചതായി ന്യൂടന് എതിരെ പരാതിയുണ്ട്. ന്യൂടനെയും ഭാര്യയേയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ വ്യാജകോള്‍ നടത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടെങ്കിലും അങ്ങനെയൊരു ഫോണ്‍ കോള്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഇതാണ് ന്യൂടനെ കുരുക്കിലാക്കിയത്. ട്രൂ കോളറില്‍ തന്‍റെ പേര് അഡീഷണല്‍ സെക്രട്ടറി എന്ന് ന്യൂടന്‍ സെറ്റ് ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി. ആള്‍മാറാട്ടം നടത്താന്‍ ഉപയോഗിച്ച നാല് ഫോണുകള്‍ പൊലീസ് കണ്ടെത്തി.