ഇന്നോളം നിരാശപ്പെടുത്തിയിട്ടില്ലാത്ത വെട്രിമാരന്‍- ധനുഷ് കോമ്പോയില്‍ പിറന്ന ആടുകളത്തിന് പത്ത് വയസ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്ന്, എന്ന് ഇന്നും സിനിമാ പ്രേമികള്‍ പറയുന്ന ചലച്ചിത്രമാണ് 2011ല്‍ പുറത്തിറങ്ങിയ ആടുകളം. കഥാ പശ്ചാത്തലം കൊണ്ടും അവതരണം കൊണ്ടും റിയലിസ്റ്റിക് വിഭാഗത്തില്‍പ്പെടുത്താന്‍ സാധിക്കുന്ന സിനിമകളിൽ ഒന്നാണ് ആടുകളം.
കോഴിപ്പോര് ജീവിതമായി കണ്ട് നടക്കുന്ന പയ്യൻ കറുപ്പ്... അവന് ആരെക്കാളും വലുത് അവന്‍റെ ആശാൻ പേട്ടൈക്കാരൻ... അയാളെ അവന്‍റെ അച്ഛന്‍റെ സ്ഥാനത്താണ് കറുപ്പ് കാണുന്നത്... എന്നാൽ ഒരു കോഴിപ്പോരിൽ അവൻ ജയിച്ചതിന് ശേഷം അവന്‍റെ ജീവിതവും പ്രണയവും മാറിമറിയുന്നതാണ് സിനിമ പറയുന്നത്. കോഴിപ്പോരിൽ എപ്പോഴും ഒന്നാമനായ ആശാൻ പേട്ടൈക്കാരൻ.... തന്‍റെ ശിഷ്യൻ കറുപ്പ് തന്നെ മറികടക്കുമോ എന്ന ഭയത്തിൽ അവനെ ഇല്ലാതാക്കാൻ ശ്രമം ആരംഭിക്കുന്നു. അവസാനം തന്‍റെ ശിഷ്യൻ തന്നെ ഒരു അച്ഛനെ പോലെയാണ് കാണുന്നതെന്ന് മനസിലാക്കി അവനോട് ചെയ്‌ത ദ്രോഹങ്ങളെ ഓർത്ത് സ്വയം മരിക്കുന്ന പേട്ടൈക്കാരൻ. ശേഷം ആശാൻ തന്നോട് ചെയ്‌ത ദ്രോഹങ്ങൾ പുറം ലോകം അറിയാതിരിക്കാൻ നാട് വിട്ട് പോകുന്ന കറുപ്പ്...
ഐറിന്‍ എന്ന കറുപ്പിന്‍റെ പ്രണയിനിയുടെ വേഷത്തില്‍ സിനിമയില്‍ എത്തിയത് നടി തപ്‌സി പന്നുവായിരുന്നു. പേട്ടൈക്കാരന് ജീവന്‍ നല്‍കിയത് വി.ഐ.എസ് ജയപാലന്‍ എന്ന നടനായിരുന്നു. മികച്ച നടന്‍ അടക്കമുള്ള ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ആടുകളം പിന്നീട് വാങ്ങി കൂട്ടിയത്. നടന്‍ വി.ഐ.എസ് ജയപാലന് സ്പെഷ്യല്‍ ജൂറി ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആദ്യ സിനിമയാണ് ആടുകളം എന്നത് ശ്രദ്ധേയം. നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ വീണ്ടും വീണ്ടും ആടുകളം കാണുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം സിനിമയിലെ ഗാനങ്ങള്‍ കൂടിയാണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. ജി.വി പ്രകാശിന്‍റേതായിരുന്നു സംഗീതം.
സേവ്യര്‍ ബ്രിട്ടോയാണ് ആടുകളം നിര്‍മിച്ചത്. പത്ത് കോടി മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ സിനിമ 30 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. നിരവധി അന്യഭാഷ ചിത്രങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ആടുകളത്തിന് തിരക്കഥ ഒരുക്കിയതെന്ന് ഒരിക്കല്‍ വെട്രിമാരന്‍ പറഞ്ഞിരുന്നു.