തമിഴ് നടനും ബിഗ് ബോസ് താരവുമായ ഡാനിയേല്‍ ആനി പോപ്പ് സ്കൂൾ വിദ്യാർഥിനികൾക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്നും അവരോട് ചിത്രങ്ങള്‍ അയച്ചുതരാൻ ആവശ്യപ്പെട്ടെന്നുമാണ് ആക്ഷേപം. എന്നാൽ ഡാനിയേല്‍ പോപ്പ് ഇത് നിഷേധിച്ചു. തന്‍റെ പേര് അപകീർത്തിപ്പെടുത്താനുള്ള പ്രവണതയാണിതെന്നും ഇത്തരം പോസ്റ്റുകൾ അടിസ്ഥാനരഹിതമാണെന്നും താരം പറഞ്ഞു.
ഡാനിയേലിന്‍റേതെന്ന പേരില്‍ ലൈംഗികച്ചുവയുള്ള ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, പരാതി ഉന്നയിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താനോ പൊലീസിൽ പരാതിപ്പെടാനോ ഇതുവരെ താൽപര്യപ്പെട്ടിട്ടില്ല.

ആദ്യം പെൺകുട്ടികളോട് സഭ്യമായ രീതിയിൽ സൗഹൃദമുണ്ടാക്കി പിന്നീട് ഇയാൾ ലൈംഗികച്ചുവയുള്ള ചാറ്റിങ് നടത്തുകയായിരുന്നുവെന്ന് ഇൻസ്റ്റഗ്രാം ഉപയോക്താവായ ജേസൺ സാമുവൽ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

അതേസമയം താരത്തിന്‍റെ അഭിഭാഷകൻ ഇത് നിഷേധിച്ച് രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ ക്രൈം ഡിവിഷനിൽ പരാതി നൽകുമെന്നും അഡ്വക്കേറ്റ് റഹ്മാൻ പ്രസ്താവനയിൽ വ്യക്തമാക്കി. സ്ക്രീൻ ഷോട്ടുകൾ പങ്കുവയ്ക്കുന്നവർ എത്രയും വേഗം അവ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: ചികിത്സാ പിഴവ്, മുഖം നീരുവച്ച് വീങ്ങിയ ചിത്രവുമായി നടി റെയ്സ വില്‍സണ്‍
വിജയ് സേതുപതിയുടെ 'ഇതർക്കുതാനെ ആസപ്പട്ടൈ ബാലകുമാര' എന്ന ചിത്രത്തിലൂടെ തമിഴകത്തിന് സുപരിചിതനായ താരം പിന്നീട് ബിഗ് ബോസ് ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധ നേടുകയായിരുന്നു.