എറണാകുളം: സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. 37 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ച സംവിധായകന്‍റെ ആരോഗ്യനില കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതീവ ഗുരുതരമായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയില്‍ എത്തിച്ചത്.
പുതിയ സിനിമയുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലായിരുന്ന ഷാനവാസിന് ഹൃദയാഘതമുണ്ടായതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കരി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. 2015ൽ അദ്ദേഹം സംവിധാനം ചെയ്‌ത കരി ഏറെ നിരൂപകപ്രശംസ നേടി . നിരവധി ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
അതിഥി റാവു ഹൈദരി, ദേവ് മോഹന്‍, ജയസൂര്യ എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തിയ സൂഫിയും സുജാതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊവിഡിനെ തുടർന്ന് തിയേറ്ററുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ മലയാളത്തിൽ ആദ്യമായി നേരിട്ട് ഒടിടി റിലീസിനെത്തിച്ച് ചരിത്രം സൃഷ്‌ടിച്ച ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും.