ഹൈദരാബാദ്: ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു. ഗായകനെന്നതിലുപരി എസ്.പി.ബി തന്‍റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് റാമോജി പറഞ്ഞു. "അഞ്ച് പതിറ്റാണ്ടുകളിലേറെയായി 16 ഭാഷകളിലാണ് അദ്ദേഹം പാടിയിട്ടുള്ളത്. ഇനിയും 100വർഷങ്ങളിലധികം എസ്.പി.ബിയുടെ ഗാനങ്ങൾ ആസ്വാദകഹൃദയത്തിൽ ജീവിക്കും. അദ്ദേഹം മികച്ചൊരു ഗായകനും വലിയ ആത്മാവിനുടമയുമായിരുന്നു. കലാകാരനൊപ്പം ചെലവഴിച്ച നല്ല സമയങ്ങൾ അദ്ദേഹത്തിന്‍റെ ഓർമയിൽ നമ്മളെ കണ്ണീരിലാഴ്‌ത്തുന്നു. ദുഃഖം രേഖപ്പെടുത്താൻ വാക്കുകൾ കിട്ടുന്നില്ല. ബാലു… ഇത് നിങ്ങൾക്കുള്ള കണ്ണീരാഞ്ജലി," സകലകലാവല്ലഭന്‍റെ വേർപാടിൽ റാമോജി റാവു അനുശോചനം അറിയിച്ചുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. ഇന്ന് താമരൈപാക്കത്തിൽ വച്ച് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകൾ നടത്തും.