'777 ചാർലി'യുടെ ടീസർ പുറത്തിറങ്ങി. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ മലയാളം ടീസറിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിഷ്‌കളങ്കതയും അൽപം വികൃതിയുമുള്ള ചാർലി എന്ന തെരുവുനായയെയാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. രക്ഷിത്ത് ഷെട്ടി നായകനാവുന്ന ബഹുഭാഷ ചിത്രത്തിൽ ചാർലിയും മുഖ്യകഥാപാത്രമാണെന്ന് ടീസർ സൂചിപ്പിക്കുന്നു. നിവിൻ പോളി, സുരഭി ലക്ഷ്മി എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മലയാളം ടീസർ പുറത്തുവിട്ടത്.
നവാഗതനായ കിരൺരാജ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. 777 ചാർലിയെ മലയാളത്തിലെത്തിക്കുന്നത് പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്' ആണ്. സിനിമയുടെ ഏതാനും ദൃശ്യങ്ങൾ കാണാനിടയായെന്നും ഇത്രയും ഹൃദയസ്പർശിയായ പ്രമേയമുള്ള ഒരു ചിത്രം റിലീസിനെത്തിക്കുന്നത് അഭിമാനമാണെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു. കൂടാതെ, പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിൽ ഭാഗമായിരുന്ന എം.ആർ രാജകൃഷ്ണൻ, 777 ചാർലിയുടെ ഓഡിയോഗ്രാഫറായി പ്രവർത്തിക്കുന്നുണ്ട്. രാജകൃഷ്ണൻ വഴിയാണ് പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയതും.
- " class="align-text-top noRightClick twitterSection" data="">
More Read: 777 ചാര്‍ലി കേരളത്തില്‍ റിലീസിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്
ഒറ്റപ്പെട്ട് കഴിയുന്ന ധർമ എന്ന യുവാവിനൊപ്പം ചാർലി എന്ന ലാബ്രഡോർ നായ്ക്കുട്ടി ചേരുന്നതാണ് ഇതിവൃത്തം. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായിക. നോബിൻ പോൾ ആണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക് ടീസറിലെ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കാണ്. ഹിന്ദിയിൽ ശുഭം റോയ്‌യുടെയും കന്നഡയിൽ സംഗീത സംവിധായകൻ നോബിൻ പോളിന്‍റെയും ശബ്‌ദമാണ് ഉപയോഗിച്ചിരിക്കുന്നത്. ടീസറിലെ ഗാനം കൂടാതെ, മലയാളം പതിപ്പിൽ വിനീത് ശ്രീനിവാസന്‍റെ ശബ്‌ദത്തിൽ മറ്റൊരു പാട്ട് കൂടിയുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് 777 ചാർലി നിർമിച്ചിരിക്കുന്നത്.